വെടിക്കെട്ടിന്റെ പൂരം, പിറന്നത് 515 റൺസ്; റെക്കോർഡുകൾ പഴങ്കഥയാക്കി പി.എസ്.എല്ലിലെ ഈ മത്സരം
text_fieldsപാകിസ്ഥാൻ സൂപ്പർ ലീഗിൽ ശനിയാഴ്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും മുൾട്ടാൻ സുൽത്താൻസും തമ്മിൽ നടന്ന മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ. വമ്പൻ വെടിക്കെട്ട് ബാറ്റിങ്ങുകൾക്ക് സാക്ഷിയായ മത്സരത്തിൽ പിറന്നത് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ്. 40 ഓവറുകളിലായി 11 വിക്കറ്റ് നഷ്ടത്തിൽ ഇരുടീമുകളും കൂടി നേടിയത് 515 റൺസാണ്. 12 വിക്കറ്റ് നഷ്ടത്തിൽ 501 റൺസ് നേടിയതാണ് ഇതിന് മുമ്പത്തെ റെക്കോർഡ്.
റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു സ്വന്തമാക്കിയത്. ഇരുപതോവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് ടീം നേടിയത്. 2021ൽ പെഷാവർ സൽമിക്കെതിരെ ഇസ്ലാമാബാദ് യുണൈറ്റഡ് നേടിയ 247 റൺസിന്റെ റെക്കോർഡായിരുന്നു മുൾട്ടാൻ തകർത്തത്. 244 ആയിരുന്നു മുൾട്ടാൻ സുൽത്താന്റെ പിഎസ്എല്ലിലെ ഏറ്റവും ഉയർന്ന സ്കോർ.
ഓപ്പണർ ഉസ്മാൻ ഖാന്റെയും ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് മുൾട്ടാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 36 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കിയ ഉസ്മാൻ ഖാൻ പുറത്താവുമ്പോൾ 12 ഫോറുകളും 9 സിക്സറുകളുമടക്കം 43 പന്തിൽ നിന്ന് 120 റൺസാണ് അടിച്ചുകൂട്ടിയത്. പി.എസ്.എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് താരം ഇന്നലെ നേടിയത്.
നായകൻ റിസ്വാൻ 29 പന്തിൽ നിന്ന് 55 റൺസ് നേടി. ടിം ഡേവിഡ് 25 പന്തിൽ നിന്ന് 43 റൺസെടുത്തു. കീറൺ പൊള്ളാർഡ് 14 പന്തിൽ നിന്ന് 23 റൺസുമെടുത്തു.
അതേസമയം മറുപടി ബാറ്റിങ്ങിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മുൾട്ടാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അവർ അടിച്ചുകൂട്ടിയത് 253 റൺസായിരുന്നു. വെറും ഒമ്പത് റൺസിന്റെ തോൽവിയാണ് അവർ വഴങ്ങിയത്. 14 പന്തിൽ നിന്ന് 37 റൺസെടുത്ത മാർട്ടിൻ ഗപ്ടിലും 36 പന്തിൽ നിന്ന് 67 റൺസെടുത്ത ഒമെയ്ർ യൂസഫും ചേർന്നാണ് ക്വെറ്റയെ നയിച്ചത്. ഇഫ്തിഖർ അഹമ്മദ് 31 പന്തിൽ നിന്ന് 53 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ ഉമർ അക്മൽ 10 പന്തിൽ നിന്ന് 28 റൺസും നേടി. മുൾട്ടാന്റെ അബ്ബാസ് അഫ്രീദി ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.