വിജയ നായകനായി സാം കറൻ; രാജസ്ഥാന് തുടർച്ചയായ നാലാം തോൽവി
text_fieldsഗുവാഹതി: രണ്ടു മത്സരം മുൻപെ ഐ.പി.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും ദയനീയ പ്രകടനം തുടരുന്നു. അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ വീഴ്ത്തിയത്. രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 41 പന്തിൽ പുറത്താകാതെ 63 റൺസെടുത്ത നായകൻ സാം കറനാണ് വിജയ ശിൽപി. പ്ലേ ഓഫിൽ ഇടം നേടിയെങ്കിലും ആദ്യ രണ്ട് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയും കാത്തിരിക്കണം.
ഗുവാഹത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ കൂട്ടതകർച്ചയാണ് നേരിട്ടത്. 48 റൺസെടുത്ത റിയാൻ പരാഗിന്റെ ചെറുത്തു നിൽപ്പാണ് തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. ജോസ് ബട്ട്ലറിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ടോം കോഹ്ലറിനൊപ്പമാണ് യശസ്വി ജയ്സ്വാൾ ഓപൺ ചെയ്തത്. നാല് റൺസെടുത്ത ജയ്സ്വാളിനെ ആദ്യ ഓവറിൽ തന്നെ സാം കറൺ മടക്കി.
തുടർന്നെത്തിയ നായകൻ സഞ്ജു സാംസൺ കഴിഞ്ഞ മത്സരത്തിലേതിന് സമാനമായിരുന്നു. താളം കണ്ടെത്താനാവാതെ വിഷമിച്ച സഞ്ജു 15 പന്തിൽ 18 റൺസെടുത്ത് നഥാൻ ഇല്ലിസിന് വിക്കറ്റ് നൽകി മടങ്ങി. പോയിന്റിലേക്ക് ചാടിയടിക്കാനുള്ള ശ്രമം രാഹുൽ ചഹാറിന്റെ കൈകളിൽ അവസാനിച്ചു. 23 പന്തിൽ 18 റൺസെടുത്ത കോഹ്ലർ അടുത്ത ഓവറിലും വീണതോടെ രാജസ്ഥാന്റെ നില പരുങ്ങിലിലായി. രാഹുൽ ചഹാറിന്റെ പന്തിൽ ജിതേഷ് ശർമ പിടിച്ച് പുറത്താക്കുകയായിരുന്നു.
റിയാൻ പരാഗിന്റെ കൂടെ രവിചന്ദ്ര അശ്വിൻ ചേർന്നതോടെ സ്കോർ പതിയെ ഉയരാൻ തുടങ്ങി. 13 ഓവറിൽ 92 റൺസിൽ നിൽക്കെ അശ്വിനും മടങ്ങി. 19 പന്തിൽ 28 റൺസെടുത്ത അശ്വിനെ അർഷദീപ് സിങ്ങാണ് പുറത്താക്കിയത്. ധ്രുവ് ജുറേലിനെ (0) നിലയുറപ്പിക്കും മുൻപെ സാം കറൺ മടക്കി. തുടർന്നെത്തിയ റോവ്മാൻ പവൽ (4) രാഹുൽ ചഹാറിനും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡൊനോവൻ ഫെറീറ (7) ഹർഷൽ പട്ടലേിനും വിക്കറ്റ് നൽകി മടങ്ങി.
തുടരെ തുടരെ വീക്കറ്റ് വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി പിടിച്ചു നിന്ന റിയാൻ പരാഗ് അവസാനത്തെ ഓവറിലാണ് വീഴുന്നത്. 34 പന്തിൽ 48 റൺസെടുത്ത പരാഗിനെ ഹർഷർ പട്ടേൽ എൽ.ബിയിൽ കുരുക്കുകയായിരുന്നു. 12 റൺസെടുത്ത ട്രെൻഡ് ബോൾട്ട് ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. മൂന്ന് റൺസുമായി ആവേശ് ഖാൻ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപണർ പ്രഭ്സിംറാനെ (6) പുറത്താക്കി ട്രെൻഡ് ബോൾട്ട് രാജസ്ഥാന് ആദ്യ വിക്കറ്റ് നൽകി. തുടർന്നെത്തിയ റിലീ റൂസോ തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും 13 പന്തിൽ 22 റൺസിൽ നിൽകെ ആവേശ് ഖാൻ പുറത്താക്കി. റൺസൊന്നും എടുക്കാതെ ശശാങ്ക് സിങ് മടങ്ങി. ആവേശ് ഖാൻ എൽ.ബിയിൽ കുരുക്കുയായിരുന്നു. 22 പന്തിൽ 14 റൺസെടുത്ത ബെയർസ്റ്റോയെ ചഹൽ പറഞ്ഞയതോടെ പഞ്ചാബ് പരാജയം മണത്തു. എന്നാൽ, കരുതലോടെ നിലയറുപ്പിച്ച നായകൻ സാം കറനും ജിതേഷ് ശർമയും ടീമിനെ കരകയറ്റി. 22 റൺസെടുത്ത ജിതേഷ് ശർമയെ പുറത്താക്കി ചഹൽ വീണ്ടും ഞെട്ടിച്ചു. എന്നാൽ അശുദോഷ് ശർമയെ കൂട്ടുപിടിച്ച് സാം കറൻ ലക്ഷ്യം കണ്ടു. 11 പന്തിൽ 17 റൺസുമായി അശുദോഷ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.