നായകന്‍റെ ഇന്നിങ്സുമായി ശ്രേയസ് (42 പന്തിൽ 97*); ടൈറ്റൻസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിങ്സ്
text_fieldsഗുജറാത്ത് ടൈറ്റൻസിനെതിരെ ശ്രേയസ് അയ്യരുടെ ബാറ്റിങ്
അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ബോളിങ് നിരയെ അവരുടെ സ്വന്തം തട്ടകത്തിൽ അടിച്ചൊതുക്കി പഞ്ചാബ് കിങ്സ്. നായകന്‍റെ ഇന്നിങ്സുമായി കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യരുടെ അപരാജിത അർധ സെഞ്ച്വറിയുടെ മികവിൽ 244 റൺസിന്‍റെ കൂറ്റൻ വിജലക്ഷ്യമാണ് പഞ്ചാബ് അയൽക്കാർക്കു മുന്നിലുയർത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് കിങ്സ് അടിച്ചെടുത്തത്. ടൈറ്റൻസിനായി സായ് കിഷോർ മൂന്ന് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ ടൈറ്റൻസ് കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർത്തടിച്ചു തുടങ്ങിയ പഞ്ചാബിന് നാലാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങിന്‍റെ (അഞ്ച്) വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പ്രിയാൻഷ് ആര്യ സ്കോറുയർത്തി. 23 പന്തിൽ 47 റൺസടിച്ച പ്രിയാൻഷിനെ ഏഴാം ഓവറിൽ റാഷിദ് ഖാൻ മടക്കി. വന്നിറങ്ങിയ പാടെ റാഷിദിനെ സിക്സറടിച്ച് തുടങ്ങിയ അസ്മത്തുല്ല ഒമർസായിക്ക് പക്ഷേ വലിയ സ്കോർ കണ്ടെത്താനായില്ല. 15 പന്തിൽ 16 റൺസെടുത്തുനിൽക്കേ അർഷദ് ഖാന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി.
കൂറ്റനടികൾക്ക് പേരുകേട്ട ഗ്ലെൻ മാക്സ്വെൽ ആദ്യ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. റിവ്യൂ എടുക്കാതെ താരം മടങ്ങിയത് വിനയായെന്ന് ടി.വി റിപ്ലേയിൽ വ്യക്തമായി. പന്ത് വിക്കറ്റ് മിസ്സാകുന്നത് നിരാശയോടെ പവലിയനിലിരുന്ന് കാണാനായിരുന്നു മാക്സ്വെലിന്‍റെ വിധി. മാർകസ് സ്റ്റോയിനിസ് 15 പന്തിൽ 20 റൺസെടുത്തു. അവസാന ഓവറുകളിൽ ശശാങ്ക് സിങ് () കൂടി തകർത്തടിച്ചതോടെ പഞ്ചാബിന്‍റെ സ്കോറിങ് നിരക്കുയർന്നു. ശശാങ്ക് 16 പന്തിൽ 44ഉം ശ്രേയസ് 42 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു.
അവസാന ഓവറുകളിൽ സ്ട്രൈക്ക് എൻഡിൽ അവസരം ലഭിക്കാതിരുന്നതോടെയാണ് ശ്രേയസിന് സെഞ്ച്വറി നഷ്ടമായത്. എന്നാൽ ടീമിന് വേണ്ടി കളിക്കാനും തനിക്ക് സെഞ്ച്വറി നേടുകയെന്നത് പ്രധാനമല്ലെന്നും നായകൻ പറഞ്ഞതായി ഇന്നിങ്സ് ബ്രേക്കിനിടെ ശശാങ്ക് വ്യക്തമാക്കി. അഞ്ച് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിങ്സ്. ശശാങ്കാകട്ടെ ആറു ഫോറും രണ്ട് സിക്സുമടക്കമാണ് 44 റൺസടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.