സചിനും കോഹ്ലിക്കും ധോണിക്കും ഇല്ലാത്ത എന്ത് ഗുണമാണുള്ളത്‍? ഒറ്റ വാക്കിൽ ഗാംഗുലിയുടെ മറുപടി...
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായിരുന്നു മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ സൗരവ് ഗാംഗുലി. 1992ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.
‘ക്രിക്കറ്റിലെ ദാദ’ അല്ലെങ്കിൽ ‘കൊൽക്കത്തയുടെ രാജകുമാരൻ’ എന്ന വിളിപ്പേരുള്ള ഗാംഗുലി ആക്രമണ ബാറ്റിങ്ങിന് പേരുകേട്ട താരമാണ്. അദ്ദേഹത്തിന്‍റെ നായക മികവിലാണ് ഇന്ത്യ 2003 ഏകദിന ലോകകപ്പ് ഫൈനലിലെത്തുന്നത്. ആസ്ട്രേലിയയോട് അന്ന് പരാജയപ്പെട്ടെങ്കിലും ഗാംഗുലി ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടി നേടി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഗാംഗുലിയും ഇതിഹാസം സചിൻ തെണ്ടുൽക്കറും. ഏറെ കാലം ഇരുവരും തന്നെയായിരുന്നു ഓപ്പണർമാർ.
അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ ചോദ്യത്തിന് ഗാംഗുലി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സചിൻ, മുൻ നായകൻ എം.എസ്. ധോണി, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി എന്നിവരിൽ തന്നെ ആകർഷിച്ച മികച്ച ഗുണങ്ങളിലൊന്ന് എന്താണെന്നായിരുന്നു ആദ്യ ചോദ്യം. ‘സചിന്‍റെ മഹത്വം, വിരാടിന്‍റെ ആക്രമണോത്സുകത, ധോണിയുടെ ശാന്തത’ -ഒരു നിമിഷം ആലോചിച്ചശേഷം ഗാംഗുലി മറുപടി നൽകി.
മൂവർക്കും ഇല്ലാത്ത എന്ത് ഗുണമാണ് ഗാംഗുലിക്കുള്ളതെന്നായിരുന്നു അടുത്ത ചോദ്യം. ‘യോജിപ്പ്’ എന്നായിരുന്നു താരം ഇതിനു നൽകിയ മറുപടി. കാഴ്ചക്കാർ നിറഞ്ഞ കൈയടി നൽകിയാണ് ഗാംഗുലിയെ അഭിനന്ദിച്ചത്. നേരത്തെ, ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിലും നായകൻ രോഹിത് ശർമയെയും കോഹ്ലിയെയും കളിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
‘തീർച്ചയായും, ട്വന്‍റി20 ലോകകപ്പിൽ ടീമിനെ രോഹിത് നയിക്കണം. കോഹ്ലിയും ടീമിലുണ്ടാകണം. അദ്ദേഹം മികച്ച താരമാണ്’ -ഗാംഗുലി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.