'മുരളിക്കൊപ്പമല്ല, അശ്വിൻ അത്ക്കും മുകളിൽ..!'; പ്ലെയർ ഓഫ് ദ സിരീസ് ലോക റെക്കോഡിൽ 'പണിപറ്റിച്ചത്' വിൻഡീസ് ക്രിക്കറ്റ് ബോർഡ്
text_fieldsകഴിഞ്ഞ ദിവസം അവസാനിച്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനത്തോടെ 'പ്ലെയർ ഓഫ് ദി സീരീസ്' സ്വന്തമാക്കിയത് ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനായിരുന്നു. ടെസ്റ്റിൽ 11ാം തവണ പ്ലെയർ ഓഫ് ദി സീരീസായ അശ്വിൻ ഇക്കാര്യത്തിൽ ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ലോക റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.
എന്നാൽ, ശരിക്കും അശ്വിൻ ലോകറെക്കോഡ് മറികടന്നിരുന്നുവെന്നും വെസ്റ്റിൻഡീസിനെതിരായി നടന്ന ടെസ്റ്റ് പരമ്പരയിൽ പുരസ്കാരം നൽകാൻ വിട്ടുപോയതാണ് അശ്വിന് തിരിച്ചടിയായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0 ന് വിജയിച്ചിരുന്നു. 15 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, കൂടാതെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡിനുള്ള ലിസ്റ്റിൽ അശ്വിനായിരുന്നു മുന്നിൽ. എന്നാൽ, രണ്ടാം ടെസ്റ്റ് അവസാനിച്ചപ്പോൾ പുരസ്കാരം ആർക്കും നൽകിയിരുന്നില്ല.
ലഭിച്ചിരുന്നേൽ 12ാം പുരസ്കാരം ആകുമായിരുന്നു. ഇതു സംബന്ധിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നെങ്കിലും സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് ഇന്ത്യൻ ഏജൻസിയായാണെന്നും അവരുടെ ഉത്തരവാദിത്തമാണെന്നാണ് പറഞ്ഞത്.
എന്നാൽ, പരമ്പരയുടെ വാണിജ്യപരമായ ചുമതല മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നതെന്നും മാൻ ഓഫ് ദി സീരീസ് അവാർഡ് ബോർഡിന്റെ പരിധിയിലാണെന്നുമാണ് ഏജൻസിയുടെ വാദം. രണ്ടോ അതിലധികമോ ടെസ്റ്റുകളുള്ള എല്ലാ പരമ്പരയിലും പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ നൽകുന്നതാണ് പരമ്പരാഗത രീതി. ഈ പരമ്പരയിൽ മാത്രം മേൽപ്പറഞ്ഞ പുരസ്കാരം നൽകാതിരുന്നതിന്റെ കാരണം വിചിത്രമാണ്.
42 പരമ്പരകളിലായി 102 മത്സരങ്ങൾ കളിച്ച അശ്വിനും 61 പരമ്പരകളിൽ നിന്നായി 133 മത്സരങ്ങൾ കളിച്ച മുരളീധരനും 11 തവണ പരമ്പരയിലെ താരമായി ലോക റെക്കോഡിൽ തുല്യനിലയിലാണിപ്പോൾ. ഒൻപത് തവണ പുരസ്കാരം നേടിയ മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസാണ് തൊട്ടുപിറകിൽ.
ഒക്‌ടോബർ 16-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ ലോക റെക്കോർഡ് സ്വന്തമാക്കാൻ അശ്വിന് അവസരമുണ്ട്. കൂടാതെ ഈ വർഷാവസാനം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും അശ്വിനെ കാത്തിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.