‘അവന്‍റെ കഴിവുകളിൽ എനിക്ക് അസൂയയുണ്ട്’; സഹതാരത്തെ പുകഴ്ത്തി അശ്വിൻ
text_fieldsഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച സ്പിൻ ജോടികളിലൊന്നാണ് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ടീമിനെ കരകയറ്റാൻ ഇരുവരും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ടീം ആറിന് 144 എന്ന നിലയിൽ പരുങ്ങവേ ക്രീസിലെത്തിയ ഇരുവരും 199 റൺസിന്‍റെ ഗംഭീര കൂട്ടുകെട്ട് പടുത്തുയർത്തി രക്ഷകരാവുകയായിരുന്നു. അശ്വിൻ 113 റൺസും ജദേജ 86 റൺസുമാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. ചെന്നൈ സൂപ്പർ കിങ്സിലും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.
ഇപ്പോഴിതാ ജദേജയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അശ്വിൻ. 'എനിക്ക് അവന്‍റെ അതുല്യമായ പ്രതിഭാശേഷിയിൽ അസൂയയുണ്ട്. സാധ്യതകളെ അവൻ പരമാവധി ഉപയോഗിക്കുന്നു. അവനെ പോലെ ആയാൽ കൊള്ളാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജദേജ മികച്ച ക്രിക്കറ്ററാണ്. അവന്‍റെ മികവിൽ എനിക്കേറെ സന്തോഷമുണ്ട്' -അശ്വിൻ പറഞ്ഞു.
ഒന്നാമിന്നിങ്സിൽ 376 റൺസെടുത്ത ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 149 റൺസിന് പുറത്തായിരുന്നു. നാലു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 32 റൺസ് നേടിയ ഷാക്കിബുൽ ഹസനാണ് സന്ദർശകരുടെ ടോപ് സ്കോറർ. നജ്മുൽ ഹൊസൈൻ ഷാന്‍റോ (20), ലിട്ടൺ ദാസ് (22), മെഹ്ദി ഹസൻ (27), ടസ്കിൻ അഹ്മദ് (11), നഹീദ് റാണ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
ഇന്നിങ്സിന്‍റെ ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താനാവാതെ, ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ അടിപതറുന്ന ബംഗ്ലാ നിരയെയാണ് ചെപ്പോക്കിൽ കണ്ടത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റ് പിഴുതു. നാല് വിക്കറ്റ് നേടിയ ബുംറ രാജ്യാന്തര കരിയറിൽ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ പേസ് ബോളറെന്ന റെക്കോഡും സ്വന്തമാക്കി. ഹസൻ മഹ്മൂദിനെ പുറത്താക്കിയാണ് ബുംറ നാഴികക്കല്ല് താണ്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.