കളിയിലെ താരമായി അശ്വിൻ; മറികടന്നത് സാക്ഷാൽ സചിൻ ടെണ്ടുൽക്കറെ!
text_fieldsചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 280 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 515 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസ് എടുത്ത് എല്ലാവരും പുറത്തായി. നായകൻ നജ്മുൽ ഹുസ്സൈൻ ഷാന്‍റ 82 റൺസ് നേടി പൊരുതാൻ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യക്കായി ആർ. അശ്വിൻ ആറ് വിക്കറ്റ് സ്വന്തമാക്കി. മൂന്ന് വിക്കറ്റ് നേടി രവീന്ദ്ര ജദേജയും തിളങ്ങി. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ട് 113 റൺസും, രണ്ടാം ഇന്നിങ്സിൽ ബോൾ കൊണ്ട് വിക്കറ്റും നേടിയ അശ്വിനാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പ്ലെയർ ഓഫ് ദി മാച്ചായതിന് ശേഷം ഒരുപിടി റെക്കോർഡ് താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയവരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് അശ്വിൻ. വിരാട് കോഹ്ലി, രവീന്ദ്ര ജദേജ എന്നിവരൊപ്പമാണ് അശ്വിനെത്തിയത്. 10 തവണയാണ് മൂവരും കളിയിലെ താരമായി മാറിയത്.
ഇന്ത്യക്കായി കളിച്ചവരിൽ പ്ലെയർ ഓഫ് ദി മാച്ചും, പ്ലെയർ ഓഫ് ദി സീരീസും കൂടി പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയ താരവും അശ്വിനാണ്. 20 തവണയാണ് അശ്വിൻ പ്ലെയർ അശ്വിൻ ടീമിന്‍റെ മാച്ച് വിന്നറാകുന്നത്. 10 പ്ലെയർ ഓഫ് ദി സീരീസും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. രണ്ടും കൂടി കൂട്ടി 19 അവാർഡുകളുള്ള സാക്ഷാൽ സചിൻ ടെണ്ടുൽക്കറെ മറികടന്നാണ് അശ്വിൻ മൂന്നിലെത്തിയത്. 15 എണ്ണവുമായി രാഹുൽ ദ്രാവിഡാണ് മൂന്നാം സ്ഥാനത്തുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറായാണ് അശ്വിൻ മാറുന്നത്.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം സെപ്റ്റംബർ 27ന് ആരംഭിക്കും. കാൺപൂരീലെ ഗ്രീൻപാർക്കിലാണ് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.