‘ഇഷ്ട ഐ.പി.എൽ ടീം’ ഏതെന്ന സൂചന നൽകി രചിൻ രവീന്ദ്ര; ആഘോഷം തുടങ്ങി ആരാധകർ
text_fieldsപാകിസ്താനെ മറികടന്ന് ലോകകപ്പിൽ സെമി ബർത്ത് ഏകദേശം ഉറപ്പാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. ലോകകപ്പിൽ ഗംഭീര തുടക്കമായിരുന്നു കിവികൾക്ക് ലഭിച്ചത്. പക്ഷെ, നാല് തുടർപരാജയങ്ങൾ അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ, ഒമ്പതാം മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് വൻ തിരിച്ചുവരവ് നടത്തി. അതിനിടെ കിവീസ് നിരയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയാണ്. 23 -കാരനായ രചിനെ ഒക്ടോബർ മാസത്തെ മികച്ച താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തെരഞ്ഞെടുത്തിരിക്കുകയാണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇടംകൈയ്യൻ ബാറ്റർക്ക് തുണയായത്.
ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 123 റൺസടിച്ചായിരുന്നു താരം വരവറിയിച്ചത്. ശേഷം നെതർലാൻഡ്സിനെതിരെ 51 റൺസും, ഇന്ത്യക്കെതിരെ 75 റൺസും നേടിയ താരം ആസ്ട്രേലിയക്കെതിരെ 89 പന്തിൽ 116 റൺസും അടിച്ചുകൂട്ടി. ഇതുവരെ 70.62 റൺസ് ശരാശരിയിൽ 565 റൺസാണ് കിവീസ് യുവതാരത്തിന്റെ സമ്പാദ്യം. കളിക്കുന്ന ആദ്യ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇപ്പോൾ രചിൻ രവീന്ദ്രയുടെ പേരിലാണ്. 25 വയസ്സിന് മുമ്പ് ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്നിട്ടുണ്ട്.
ഡിസംബറിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ രചിനെ സ്വന്തമാക്കാൻ മിക്ക ഫ്രാഞ്ചൈസികളും ലക്ഷ്യമിടുന്നുണ്ട്. ഒരേസമയം കൂറ്റനടിക്കാരനായ ബാറ്ററായും സ്പിൻ ബൗളറായും താരത്തെ പരിഗണിക്കാമെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ, താരലേലത്തിന് മുന്നോടിയായി തന്റെ ഇഷ്ട ഐപിഎൽ ടീമേതെന്ന സൂചന നൽകിയിരിക്കുകയാണ് രചിൻ രവീന്ദ്ര.
'വലിയ പിന്തുണ നല്‍കിയ ചിന്നസ്വാമി സ്റ്റേഡിയത്തിനും കാണികൾക്കും നന്ദിയറിയിക്കുന്നു. എന്റെ ഹൃദയത്തില്‍ സവിശേഷമായ സ്ഥാനമുള്ള സ്ഥലമാണിത്. ഇവിടെ കൂടുതൽ ക്രിക്കറ്റ് കളിക്കാമെന്നതിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്' -ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് ശേഷം സ്റ്റാര്‍സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ രചിന്‍ പറഞ്ഞു. ഈ തുറന്നുപറച്ചിൽ താരം ആര്‍സിബിയിലേക്കാണെന്ന സൂചനയാണ് നൽകുന്നതെന്നാണ് ക്രിക്കറ്റ് പ്രേമികൾ വിലയിരുത്തുന്നത്.
വിരാട് കോഹ്ലി തന്റെ ഇഷ്ട താരമാണെന്ന് രചിൻ മുമ്പ് പറഞ്ഞിരുന്നു. ഐപിഎല്ലിൽ ഇതുവരെ കിരീടമുയർത്താൻ കഴിയാത്ത ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് രചിൻ എത്തുമെന്നും അതിലൂടെ കോഹ്‍ലിക്കൊപ്പം താരം അടുത്ത സീസണിൽ ആദ്യമായി ആർ.സി.ബിക്ക് വേണ്ടി കപ്പടിക്കുമെന്നുമൊക്കെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഐപിഎൽ താരലേലം ഡിസംബർ 19 ന് ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് നടക്കാൻ പോവുകയാണ്. ഇത്തവണ ദുബായ് ആണ് വേദി. ടീമുകൾക്ക് അവർ നിലനിർത്താൻ പോകുന്ന താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബിസിസിഐ നവംബർ 26-വരെ സമയപരിധി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.