''വംശീയ അധിക്ഷേപം അംഗീകരിക്കാനാവില്ല, ആസ്ട്രേലിയൻ കാണികളുടേത് തെമ്മാടിത്തരം''
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും നേരെ വംശീയ അധിക്ഷേപം നടത്തിയ സാഹചര്യത്തിലാണ് കോഹ്ലിയുടെ പ്രതികരണം.
''വംശീയ അധിക്ഷേപം ഒരുനിലക്കും അംഗീകരിക്കാനാകില്ല. ബൗണ്ടറിലൈനിനരികിൽ പറഞ്ഞതെല്ലാം ദയനീയമായ കാര്യങ്ങളാണ്. ഇതെല്ലാം തെമ്മാടിത്തരത്തിന്‍റെ കൊടുമുടിയാണ്. കളിക്കളത്തിൽ ഇങ്ങനെ കാണുന്നതിൽ സങ്കടമുണ്ട്'' -കോഹ്ലി ട്വീറ്റ് ചെയ്തു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയണക്കമെന്ന് കോഹ്ലി മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ശനിയാഴ്ച ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും 'കുരങ്ങനെ'ന്നു വിളിച്ച് വേട്ടയാടിയ ഓസീസ് കാണികൾക്കെതിരെ ക്രിക്കറ്റ് ലോകമൊന്നാകെ തിരിഞ്ഞിട്ടും അവരുടെ ഉള്ളിലെ വംശവെറി വീണ്ടും പുറത്തുചാടുകയായിരുന്നു. ഞായറാഴ്ച ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. 86ാം ഓവർ എറിഞ്ഞ് ഡീപ് സ്ക്വയർലെഗിലേക്ക് ഫീൽഡിങ്ങിനായി മുഹമ്മദ് സിറാജ് എത്തിയപ്പോഴാണ് ഒരുകൂട്ടം കാണികളുടെ വംശീയത പുറത്തുചാടിയത്. 'ബ്രൗൺ ഡോഗ്, ബിഗ് മങ്കി' വിളികൾ ആവർത്തിച്ചതോടെ സിറാജ്, ക്യാപ്റ്റൻ അജിൻക്യ രഹാനെയോട് പരാതിപ്പെട്ടു.
പിന്നാലെ ടീം അംഗങ്ങളെല്ലാം ഓടിയെത്തി. വിഷയത്തിൽ ഇടപെട്ട അമ്പയർമാരും മാച്ച് ഒഫിഷ്യലുകളും കാണികളെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഗാലറിയിൽ പ്രവേശിച്ച ന്യൂസൗത്ത്വെയ്ൽസ് പൊലീസ് ആറു പേരെ ഉടൻ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസിന് പുറമെ, ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വംശീയാധിക്ഷേപത്തെ അപലപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും രംഗത്തെത്തി. ''ഒരു തരത്തിലുള്ള വിവേചനങ്ങൾക്കും സ്പോർട്സിൽ സ്ഥാനമില്ല. ചെറുസംഘം കാണികളുടെ നടപടി ഏറെ ദുഃഖകരമാണ്. ക്രിക്കറ്റ് ആസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കും'' -ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് മനു സ്വാഹ്നി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.