അര്‍ഷ്ദീപിനെതിരായ വംശീയ പരാമര്‍ശം; പാകിസ്താൻ മുൻ താരത്തെക്കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻ സിങ്
text_fieldsന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെതിരായ വംശീയ പരാമര്‍ശത്തില്‍ പാകിസ്താൻ മുന്‍ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാന്‍ അക്മലിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്. ഇന്നിങ്സിലെ അവസാന ഓവര്‍ എറിയാൻ അര്‍ഷ്ദീപ് എത്തിയപ്പോഴായിരുന്നു പാക് ടെലിവിഷൻ ചാനലായ എ.ആർ.വൈ ന്യൂസിന്റെ പ്രത്യേക ഷോയില്‍ കമ്രാൻ സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തിൽ തമാശ കലർത്തി വിവാദ പരാമര്‍ശം നടത്തിയത്.
‘അവസാന ഓവര്‍ എറിയാൻ ആരാണ് വരുന്നതെന്ന് നോക്കൂ, ഇനി എന്തും സംഭവിക്കാം. അര്‍ഷ്ദീപ് ബൗളിങ്ങില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി 12 മണിയുമായല്ലോ’ എന്നായിരുന്നു കമ്രാന്‍റെ വാക്കുകള്‍. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതിഷേധവും ശക്തമായിരുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സിഖ് സമുദായത്തെ അപമാനിക്കുന്ന വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ് സമൂഹ മാധ്യമങ്ങളില്‍ കമ്രാനെ ടാഗ് ചെയ്ത് പോസ്റ്റിടുകയായിരുന്നു.
‘ഒരായിരം തവണ നിങ്ങളെ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു. നിങ്ങളുടെ മാതാക്കളെയും സഹോദരിമാരെയും അധിനിവേശക്കാര്‍ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. കുറച്ചെങ്കിലും നന്ദി വേണ്ടേ...’ എന്നായിരുന്നു ഹര്‍ഭജന്‍റെ പോസ്റ്റ്.
വൈകാതെ പോസ്റ്റിന് താഴെ മാപ്പപേക്ഷയുമായി കമ്രാന്‍ രംഗത്തെത്തി. സിഖുകാരെക്കുറിച്ചുള്ള തന്‍റെ പരാമര്‍ശത്തില്‍ ആത്മാർഥമായി ഖേദിക്കുന്നുവെന്ന് പറഞ്ഞ കമ്രാൻ തന്‍റെ വാക്കുകൾ അനുചിതവും ബഹുമാനമില്ലാത്തതുമായിരുന്നുവെന്ന് സമ്മതിച്ചു. ലോകമെമ്പാടുമുള്ള സിഖ് സമുദായത്തോട് തനിക്ക് അങ്ങേയറ്റം ആദരവേയുള്ളൂവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആത്മാർഥമായി മാപ്പു പറയുന്നുവെന്നും കമ്രാൻ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് പുറത്തായിരുന്നു. എന്നാൽ, പേസർ ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ്ങിന് മുമ്പിൽ പതറിയ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവർ എറിയാൻ അര്‍ഷ്ദീപ് എത്തുമ്പോൾ 18 റണ്‍സാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, 11 റണ്‍സ് മാത്രം വഴങ്ങി അർഷ്ദീപ് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.