ലങ്ക പിടിക്കാൻ രാഹുൽ ബ്രിഗേഡ്സ്
text_fieldsകൊളംബോ: ഒരുകാലത്ത് വിദേശ പിച്ചുകളിലെ കാറിലും കോളിലും ഉലയാതെ ഇന്ത്യയെ കാത്തുരക്ഷിക്കേണ്ട ഉത്തരവാദിത്തമായിരുന്നു രാഹുൽ ദ്രാവിഡ് എന്ന യോദ്ധാവിന്. കളിമൈതാനങ്ങളിലെ ആരവങ്ങളോട് സലാം പറഞ്ഞെങ്കിലും ദ്രാവിഡ് വിശ്രമത്തിലായിരുന്നില്ല. ഇന്ത്യക്കായി വന്മതിൽ കണക്കെ ഇന്നിങ്സുകൾ പടുത്ത ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയെ തേച്ചുമിനുക്കി മൂർച്ച വരുത്തുന്ന തിരക്കിലായിരുന്നു. അതിെൻറ ഗുണം യൂത്ത് ക്രിക്കറ്റിൽ ഇന്ത്യ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ പുതിയ ദൗത്യവുമായി ദ്രാവിഡ് ലങ്കൻ മണ്ണിലിറങ്ങുകയാണ്.
സീനിയർ താരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി പറന്നപ്പോൾ ലങ്കക്കെതിരായ ഏകദിന - ട്വൻറി20 പരമ്പരക്ക് ബി.സി.സി.െഎ ഒരുകൂട്ടം യുവതാരങ്ങളെ ഏൽപ്പിച്ചത് ദ്രാവിഡിെൻറ കൈയിലായിരുന്നു. ഇതൊരു പുതിയ പരീക്ഷണമാണ്. ഒക്ടോബറിൽ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വൻറി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ് ഇന്ത്യ ലങ്കയിൽ പരീക്ഷണത്തിന് രാഹുലിെൻറ കീഴിൽ യുവനിരയെ ഇറക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ബയോബബ്ളിൽ പ്രവേശിച്ച് എതിരാളികൾക്കെതിരെ നന്നായി ഒരുങ്ങാൻ കൂടി കണക്കിലെടുത്താണ് രണ്ടു രാജ്യങ്ങളിലേക്ക് രണ്ടു ടീമിനെ അയച്ചത്. ദ്രാവിഡിെൻറ നേതൃത്വത്തിലുള്ള സംഘം ലങ്ക കീഴടക്കിയാൽ രവിശാസ്ത്രിക്കു ശേഷം ആ സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കൂടുതൽ അന്വേഷിക്കേണ്ടി വരില്ല. ശിഖർ ധവാെൻറ ക്യാപ്റ്റൻസിയിലാണ് ലങ്കക്കെതിരെ ഇന്ത്യ അങ്കംവെട്ടാനിറങ്ങുന്നത്. മൂന്നു വീതം ഏകദിനങ്ങളും ട്വൻറി20യുമാണ് പരമ്പരയിലുള്ളത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിച്ച് മൂന്നിനാണ് ഏകദിന മത്സരങ്ങളെല്ലാം.
മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും അടക്കം കഴിവുതെളിയിച്ച ഒരു കൂട്ടം യുവാക്കളാണ് ടീമിലുള്ളത്. എല്ലാവരും ഒന്നിനൊന്നുമെച്ചം. ആരെ തള്ളും ആരെ കൊള്ളുമെന്ന കൺഫ്യൂഷനിലാണ് കോച്ച് ദ്രാവിഡ്. ധവാനോടൊപ്പം ഒാപണിങ്ങിൽ ആരിറങ്ങുമെന്നതു മുതൽ തുടങ്ങുന്നു ചോദ്യം.
പരിചയ സമ്പത്തുള്ള പൃഥ്വി ഷാക്കായിരിക്കും നറുക്ക് വീഴാൻ സാധ്യത. അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന, നല്ല ഫോമിലുള്ള സൂര്യകുമാർ യാദവിനെയായിരിക്കും മൂന്നാമനായി ദ്രാവിഡ് പരിഗണിക്കുക. മധ്യനിരയിൽ ബാറ്റുവീശി പരിചയമുള്ള മനീഷ് പാണ്ഡെയാവും നാലാമൻ. മലയാളി താരം സഞ്ജു വി. സാംസണും ഇഷാൻ കിഷനും അരങ്ങേറ്റത്തിനുള്ള വിളി കാത്തിരിപ്പാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും ആശ്രയിക്കാൻ പറ്റുന്ന പാണ്ഡ്യ സഹോദരങ്ങൾക്ക് ആദ്യ ഇലവനിൽ ഇടമുണ്ടാവും. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിെൻറ നേതൃത്വത്തിലാണ് ഇന്ത്യയുടെ ബൗളിങ് അറ്റാക്ക്.
ദീപക് ചഹർ, നവദീപ് സൈനി, ചേതൻ സകറിയ എന്നീ ഫാസ്റ്റർമാരും യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രാഹുൽ ചഹർ, വരുൺ ചക്രവർത്തി എന്നീ സ്പിന്നർമാരും രാഹുൽ ദ്രാവിഡിെൻറ പക്കലുള്ള ആയുധങ്ങളാണ്. ഏകദിന ട്വൻറി20 റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ശ്രീലങ്കക്ക് ഇന്ത്യ വലിയ വെല്ലുവിളി ഉയർത്തും. ഇംഗ്ലണ്ട് പര്യടനത്തിൽ കളിച്ച മത്സരങ്ങളെല്ലാം തോറ്റാണ് അവർ സ്വന്തം നാട്ടിൽ മാനം കാക്കാൻ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.