പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താൻ രാഹുൽ ദ്രാവിഡ്; ചർച്ചകൾ അന്തിമ ഘട്ടത്തിൽ
text_fieldsകൊളംബോ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ കോച്ചാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടത്. രാജസ്ഥാൻ റോയൽസും ദ്രാവിഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ് റിപ്പോർട്ട്.
51കാരനായ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്റ്റനായിരുന്നു. 2013ലെ ടി 20 ചാമ്പ്യൻ ലീഗ് ഫൈനലിലും ഐ.പി.എൽ പ്ലേ ഓഫിലും റോയൽസിനെ നയിച്ചത് ദ്രാവിഡായിരുന്നു. 2014ലും 2015ലും ടീമിന്റെ മെന്ററായി രാഹുൽ ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.
2015ലാണ് ദ്രാവിഡ് ബി.സി.സി.ഐക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ അണ്ടർ 19 സ്ക്വാഡിനേയും എ ടീമിനേയും പരിശീലിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് എൻ.സി.എയുടെ ചെയർമാനായും ദ്രാവിഡ് മാറി. 2021 ഒക്ടോബറിലാണ് ദ്രാവിഡ് ഇന്ത്യൻ പുരുഷ സീനിയർ ടീമിന്റെ പരിശീലകനായത്.
നിലവിലെ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടറായ കുമാർ സംഗക്കാരയെ ടീം നിലനിർത്തുമോയെന്ന് വ്യക്തമല്ല. സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് 2024 ഐ.പി.എൽ ടൂർണമെന്റിൽ പ്ലേ ഓഫിലെത്തിയിരുന്നു. സഞ്ജുവിന് കീഴിൽ കഴിഞ്ഞ ഏതാനം സീസണുകളിലായി മികച്ച പ്രകടനമാണ് രാജസ്ഥാൻ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.