സഞ്ജുവിനെയും സംഘത്തെയും പരിശീലിപ്പിക്കാൻ ഇനി ദ്രാവിഡ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി രാജസ്ഥാൻ
text_fieldsന്യൂഡൽഹി: ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്‍റെ മുഖ്യപരിശീലകനായി വീണ്ടും രാഹുൽ ദ്രാവിഡ് തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് ടീം മാനേജ്മെന്‍റ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ ഇന്ത്യൻ ടീം പരിശീലകൻ കൂടിയായ ദ്രാവിഡ് ഉടൻ ടീമിനൊപ്പം ചേരും.
എത്ര വർഷത്തേക്കാണ് കരാറെന്ന കാര്യം വ്യക്തമല്ല. ഐ.പി.എല്‍ 2012, 2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്നു. തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ ടീം ഡയറക്ടറുടേയും മെന്ററുടേയും പദവികൾ വഹിച്ചു. 2016ലാണ് രാജസ്ഥാൻ വിട്ട് ഡല്‍ഹി ടീമിനൊപ്പം ചേരുന്നത്. മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം വഹിക്കും. ട്വന്‍റി20 കിരീട നേട്ടത്തിനു പിന്നാലെയാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
മലയാളി താരവും ടീം നായകനുമായ സഞ്ജു സാംസണുമായി ദ്രാവിഡിന് അടുത്ത ബന്ധമുണ്ട്. അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലത്തിന്റെ ഭാഗമായി ടീമില്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. 51കാരനായ ദ്രാവിഡ് ആദ്യമായി പരിശീലകന്‍റെ വേഷമണിയുന്നത് രാജസ്ഥാൻ ടീമിനൊപ്പമാണ്. ‘ഞാൻ വീടെന്ന് വിളിച്ചിരുന്ന ടീമിലേക്ക് മടങ്ങിയെത്തുന്നതിൽ സന്തോഷമുണ്ട്. ലോകകപ്പിനു പിന്നാലെ മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള സമയമായെന്ന് തോന്നിയിരുന്നു. അതിന് ഏറ്റവും ഉചിതമായ സ്ഥലമാണ് രാജസ്ഥാൻ റോയൽസ്’ -ദ്രാവിഡ് പ്രതികരിച്ചു.
കുമാർ സംഗക്കാര, മനോജ് ഉൾപ്പെടെയുള്ളവരുടെ കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ ടീം വലിയ വളർച്ച കൈവരിച്ചു. ടീമിനെ ഇനിയും ഉയരത്തിലേക്ക് എത്തിക്കാനുള്ള സുവർണാവസരമാണിതെന്നും ദ്രാവിഡ് വ്യക്തമാക്കി. 2019ല്‍ ഡൽഹിയിൽനിന്നാണ് ദ്രാവിഡ് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി പോകുന്നത്. 2021ൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണായ 2008ലാണ് രാജസ്ഥാന്‍ അവരുടെ ഏക കിരീടം നേടിയത്.
2022ല്‍ റണ്ണേഴ്സ് അപ്പ് ആയതാണ് ടീമിന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം. 2024ല്‍ പ്ലേ ഓഫില്‍ കടന്നെങ്കിലും ക്വാളിഫയര്‍ ഘട്ടത്തില്‍ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.