രോഹിത്, ഹാർദിക്, കോച്ച് ദ്രാവിഡ്... എല്ലാവർക്കും ചേതൻ ശർമയെ മടുത്തിരുന്നെന്ന് റിപ്പോർട്ട്
text_fieldsഒളികാമറ നൽകിയ പണിയിൽ കുടുങ്ങി ജോലി തെറിച്ച ബി.സി.സി.ഐ ചീഫ് സെലക്ടർ ചേതൻ ശർമയെ പ്രമുഖർക്കെല്ലാം മനം മടുത്തിരുന്നെന്ന് റിപ്പോർട്ട്. സൗരാഷ്ട്രയും ബംഗാളും തമ്മിലെ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിനായി കൊൽക്കത്തയിലായിരുന്നു ചേതൻ ശർമ. ഇറാനി ട്രോഫിക്കുള്ള ടീമിനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒളികാമറ സംസാരം പുറത്താകുകയും രാജി നൽകുകയും ചെയ്തതതിനു പിന്നാലെ ചേതൻ ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെയായിരുന്നു മടക്കം.
രോഗം പൂർണമായി ഭേദമാകാതെ താരങ്ങൾ മരുന്നടിച്ച് ഇറങ്ങുകയാണെന്നും ജസ്പ്രീത് ബുംറ വെറുതെ കളിക്കിറങ്ങി പണി വാങ്ങിയതാണെന്നുമുൾപ്പെടെ കടുത്ത ആരോപണങ്ങളാണ് ചേതൻ ശർമ ഉന്നയിച്ചിരുന്നത്. ട്വന്റി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെ വീട്ടിൽ സന്ദർശനം നടത്തിയതായും മുൻ ഇന്ത്യൻ താരം പറഞ്ഞു.
സീ ന്യൂസ് നടത്തിയ ഒളികാമറ സംഭാഷണം പുറത്തെത്തിയതോടെ താരങ്ങൾക്കും കോച്ചിനും പൂർണമായി വിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. ഇനിയും ചേതൻ ശർമക്കൊപ്പം മുന്നോട്ടുപോകാനാകില്ലെന്നും ഇവർ സൂചന നൽകി. ബി.സി.സി.ഐ നേതൃത്വത്തിന് ലഭിച്ച സന്ദേശം ഇതായതോടെയാണ് രാജി അതിവേഗം സംഭവിച്ചത്.
പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഡോക്യമെന്ററി പരമ്പരക്ക് ആവശ്യമായ ഗവേഷണമെന്ന നിലക്കാണ് ചോദ്യമെന്ന് വിശ്വസിപ്പിച്ചായിരുന്നു ചേതനെ കൊണ്ട് എല്ലാം പറയിച്ചത്. ഒരിക്കലും പുറത്തെത്തില്ലെന്ന വിശ്വാസത്തിൽ പറഞ്ഞ വാക്കുകളാണ് ഒടുവിൽ കൊടുങ്കാറ്റായത്. ഹാർദിക് തന്റെ വീട്ടിലെത്തി ആഘോഷിക്കുമെന്ന് വരെ പറഞ്ഞു.
ചേതൻ ശർമ പുറത്തായതോടെ പകരം മുൻ ദേശീയ താരം ശിവ സുന്ദർ ദാസ് ഇടക്കാല ചുമതലയിലെത്തുമെന്നാണ് സൂചന.
ഇത് രണ്ടാം തവണയാണ് ചേതൻ ശർമ ഒഴിവാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.