ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ നെറ്റ്സിൽ ഒരു സർപ്രൈസ് അതിഥി; താരങ്ങളും ഹാപ്പി -വിഡിയോ വൈറൽ
text_fieldsബംഗളൂരു: ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനിൽ സന്ദർശകനായി എത്തി മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് ഇന്ത്യൻ ടീം.
താരങ്ങൾ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അതിഥിയായി ദ്രാവിഡ് എത്തുന്നത്. നായകൻ രോഹിത് ശർമ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർക്കൊപ്പം സൗഹൃദം പങ്കിടുന്ന രാഹുലിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടു വർഷം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് രാഹുൽ ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തോടെ പദവി ഒഴിഞ്ഞത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ പുതിയ ഐ.പി.എൽ സീസണിൽ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. മുമ്പ് രാജസ്ഥാന്റെ മെന്റർ റോളിൽ പ്രവർത്തിച്ചിരുന്ന ദ്രാവിഡ് വലിയ ഓഫറുകൾ നിരസിച്ചാണ് റോയൽസിനൊപ്പം വീണ്ടും ചേർന്നത്.
നാട്ടിലെ ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം ന്യൂഡിലൻഡിനെതിരെയും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ, ബംഗ്ലാദേശിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. ഈമാസം 16ന് ബംഗളൂരുവിലാണ് ആദ്യ മത്സരം. ശ്രീലങ്കക്കു മുന്നിൽ രണ്ടു മത്സര പരമ്പര അടിയറവെച്ചാണ് കീവീസ് ഇന്ത്യയിലെത്തുന്നത്. ടോം ലഥാം ടീമിനെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിൽ പേസർ ജസ്പ്രീത് ബുംറയാണ് ഉപനായകൻ.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.