'ആഗ്രഹിക്കുന്നത് ചെയ്തിരിക്കുമെന്ന സ്വഭാവക്കാരൻ; കോഹ്‍ലിയും ദ്രാവിഡും അത്ര ഒത്തുപോവില്ല'
text_fieldsവിരാട് കോഹ്‍ലി-രവി ശാസ്ത്രി കൂട്ടുകെട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് സമാനതകളില്ലാത്ത നേട്ടങ്ങളിലേക്കാണ് കടന്നു ചെന്നത്. നായക റോളിൽ കോഹ്‍ലിയും പരിശീലക റോളിൽ രവി ശാസ്ത്രിയും ടീമിനെ ഒത്തിണക്കത്തോടെ നയിച്ചു. ഇന്ത്യയെ ലോക ക്രിക്കറ്റിലെ കരുത്തരാക്കി.
ഒരുപാട് കാര്യങ്ങളിൽ ഇവർക്കിടയിൽ സമാനതകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകളും തർക്കങ്ങളും വഴിമാറി നിന്നു. 2017ലെ ഐ.സി.സി ചാമ്പ്യൻഷിപ്പിനിടെയാണ് മുൻ പരിശീകലനായ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെക്കും കോഹ്‍ലിക്കും ഇടയിൽ ഭിന്നതകൾ രൂപപ്പെടുന്നത്. ടൂർണമെന്‍റിലെ ഫൈനലിൽ പാകിസ്താനെതിരെ ടോസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യാനുള്ള കോഹ്‍ലിയുടെ തീരുമാനമാണ് കുംബ്ലെയെ ചൊടിപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു.
ഇരുവർക്കും ഇടയിൽ വിടവ് വലുതായതോടെയാണ് പുതിയ പരിശീലകനായി രവി ശാസ്ത്രിയെത്തുന്നത്. സഖ്യത്തിന്‍റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കി. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോഹ്‍ലി ഇപ്പോൾ കടന്നുപോകുന്നത്. പുതിയ പരിശീലകനായി മുൻ താരം രാഹുൽ ദ്രാവിഡും ഇതിനിടെ ചുമതലയേറ്റു.
കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് ചോദിക്കുമ്പോൾ മുൻ പാകിസ്താൻ സ്പിന്നറായ ഡാനിഷ് കനേരിയക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. കോഹ്‌ലിയുടെ ക്യാപ്റ്റൻസി മാറ്റത്തിന് പുതിയ പരിശീലകൻ ദ്രാവിഡുമായി ബന്ധമുണ്ടെന്നാണ് താരത്തിന്‍റെ അഭിപ്രായം. 'പരിശീലകൻ രവി ശാസ്ത്രിയുമായി വിരാട് കോഹ്‌ലി നന്നായി പോയി, അദ്ദേഹവുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു. ശാസ്ത്രി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാൽ സൗരവ് ഗാംഗുലി ബോർഡിന്‍റെ തലപ്പത്തേക്കും പരിശീകനായി രാഹുലും വന്നശേഷം കാര്യങ്ങൾ അത്ര ശുഭകരമല്ല' -കനേരിയ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു അനിൽ കുംബ്ലെ, ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം. പക്ഷേ കോഹ്‌ലിയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നില്ല. കുംബ്ലെയും ദ്രാവിഡും ഇന്ത്യയുടെ തെക്കൻ നഗരമായ ബംഗളൂരുവിൽനിന്നുള്ളവരാണ്. മികച്ച താരങ്ങൾ. ഉയർന്ന നിലവാരം പുലർത്തിയവർ. രാഹുൽ ദ്രാവിഡ് ടീം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ടീം ഇന്ത്യക്കായി ടൂർണമെന്റുകൾ വിജയിപ്പിക്കുന്ന അണ്ടർ 19 ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം വാർത്തെടുത്തു, പക്ഷേ വിരാട് കോഹ്‌ലിയുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലായിരുന്നില്ല, കാരണം വിരാട് കോഹ്‌ലി ആഗ്രഹിക്കുന്നത് ചെയ്തിരിക്കുമെന്ന സ്വഭാവക്കാരനാണെന്നും കനേരിയ പറയുന്നു.
കോഹ്‍ലിയേക്കാൾ ശാന്തസ്വഭാവക്കാരനാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസിനുവേണ്ടി അഞ്ചു ചാമ്പ്യൻഷിപ്പുകൾ നേടിയ താരമാണ് രോഹിത്തെന്നും കനേരിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.