പിതാവിന്‍റെ വഴിയേ രണ്ടാമനും! വിജയ് മെർച്ചന്‍റ് ട്രോഫിയിൽ സെഞ്ച്വറി നേടി രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ്
text_fieldsബംഗളൂരു: വിജയ് മെർച്ചന്‍റ് ട്രോഫി അണ്ടർ -19 ടൂർണമെന്‍റിൽ അപരാജിത സെഞ്ച്വറിയുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡ്.
ഝാർഖണ്ഡിനെതിരായ മത്സരത്തിൽ കർണാടകക്കായി 153 പന്തിൽ 100 റൺസുമായി അൻവയ് പുറത്താകാതെ നിന്നു. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കർണാടകക്ക് മൂന്നു പോയന്‍റ് ലഭിച്ചു. മുളപ്പാട് ഡി.വി.ആർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാലാമനായി ബാറ്റിങ്ങിനിറങ്ങി വിക്കറ്റ് കീപ്പർ കൂടിയായ അൻവയ് നേടിയ സെഞ്ച്വറിയാണ് കർണാടകയുടെ ഒന്നാം ഇന്നിങ്സ് ലീഡിൽ നിർണായകമായത്. രണ്ടു സിക്സും 10 ഫോറുമടക്കാമാണ് താരം നൂറിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 128.4 ഓവറിൽ 387 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ കാർണാടകക്കായി ഓപ്പണർമാരായ ആര്യ ജെ. ഗൗഡയും (246 പന്തിൽ 104 റൺസ്) നായകൻ ധ്രുവ് കൃഷ്ണനും (190 പന്തിൽ 122) സെഞ്ച്വറി നേടി മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 229 റൺസാണ് അടിച്ചെടുത്തത്. വിജയ് മെർച്ചന്‍റ് ട്രോഫിയിൽ അൻവയിയുടെ മൂന്നാം ഇന്നിങ്സാണിത്. കഴിഞ്ഞ രണ്ടു ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറിയടക്കം താരം 75 റൺസ് നേടിയിരുന്നു. കഴിഞ്ഞ വർഷം ടൂർണമെന്‍റിലെ അണ്ടർ 14 വിഭാഗത്തിൽ കർണാടകയെ നയിച്ചത് അൻവയ് ആണ്.
2020ൽ ബി.ടി.ആർ ഷീൽഡ് അണ്ടർ -14 ഗ്രൂപ്പ് ഒന്നിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയതോടെയാണ് ദ്രാവിഡ് ജൂനിയർ വാർത്തകളിൽ ഇടംപിടിക്കുന്നത്. 10 റൺസിനാണ് അന്ന് സെഞ്ച്വറി നഷ്ടമായത്. ദ്രാവിഡിന്‍റെ മൂത്ത മകൻ സമിത് ദ്രാവിഡും ക്രിക്കറ്റിൽ സജീവമാണ്. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്കുവേണ്ടി തന്നെയാണ് സമിത്തും കളിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഇന്ത്യൻ അണ്ടർ -19 ക്രിക്കറ്റ് ടീമിലേക്ക് സമിത് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാൽമുട്ടിനേറ്റ പരിക്കുകാരണം ടൂർണമെന്‍റിൽ കളിക്കാനായില്ല.
ഈ വർഷം ആദ്യം നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ സമിത്തിന്‍റെ പ്രകടനം ശ്രദ്ധേ നേടിയിരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 362 റൺസാണ് പതിനെട്ടുകാരനായ സമിത് ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. ഇതിൽ ജമ്മു-കശ്മീരിനെതിരെ 98 റൺസെടുത്ത ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.