ഈ റോക്ക്സ്റ്റാറുകൾ യുവതക്ക് പ്രചോദനമെന്ന് രാഹുൽ; ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളികൾക്ക് അഭിനന്ദനം
text_fieldsകോഴിക്കോട്: ഇന്ത്യയുടെ വനിത ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളി താരങ്ങൾക്ക് അഭിനന്ദനവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. വയനാട് സ്വദേശി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനക്കുമാണ് സമൂഹ മാധ്യമങ്ങളിലൂടെ രാഹുൽ അഭിനന്ദനം അറിയിച്ചത്.
'ഇന്ത്യൻ വനിത ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച വയനാടിന്‍റെ സജന സജീവനും തിരുവനന്തപുരത്തിന്‍റെ ആശ ശോഭനക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!. ഈ റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനവും അർപ്പണബോധവും ഫലം കണ്ടു - കേരളത്തിലെയും ഇന്ത്യയിലെയും യുവതക്കും മുഴുവൻ പെൺകുട്ടികൾക്കും ഇത് പ്രചോദനമാണ്. വരാനിരിക്കുന്ന യാത്രയിൽ നിങ്ങൾ രണ്ടു പേർക്കും എല്ലാ വിജയങ്ങളും നേരുന്നു!' -രാഹുൽ ഗാന്ധി കുറിച്ചു.
മിന്നു മണിക്ക് ശേഷം ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളി താരങ്ങളാണ് സജന സജീവനും ആശ ശോഭനയും. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്കുള്ള സംഘത്തിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. പുരുഷ, വനിത ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായാണ് രണ്ട് മലയാളികൾ ഒരുമിച്ച് ഇന്ത്യൻ ജഴ്സിയണിയുന്നത്. മധ്യനിര ബാറ്ററും ഓൾ റൗണ്ടറുമായ സജന വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികവ് പുറത്തെടുത്തിരുന്നു. മാനന്തവാടി സ്വദേശിനിയാണ് 29 കാരി.
വനിത പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി നടത്തിയ മിന്നും പ്രകടനങ്ങളാണ് തിരുവനന്തപുരത്തുകാരിയായ ആശയെ 33-ാം വയസ്സിൽ അന്താരഷ്ട്ര സംഘത്തിലെത്തിച്ചത്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറാണ് താരം.
ബംഗ്ലാദേശിലെ സിൽഹറ്റിൽ ഏപ്രിൽ 28, 30, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിലാണ് മത്സരങ്ങൾ. ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ദയാലൻ ഹേമലത, സജന സജീവൻ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.