'നായകൻ വഴികാട്ടി, ഞങ്ങൾ അത് ഏറ്റുപിടിച്ചു'; നാലാം ദിനത്തിലെ വെടിക്കെട്ടിനെ കുറിച്ച് കെ.എൽ. രാഹുൽ
text_fieldsഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങിൽ കത്തികയറിയിരുന്നു. രണ്ടാം ദിനവും മൂന്നാം ദിനവും മഴ കൊണ്ടുപോയപ്പോൾ നാലാം ദിനം ഇന്ത്യ പൂർണ ആധിപത്യം പുലർത്തുകയായിരുന്നു. 107 റൺസിന് ബാറ്റിങ് പുനരാംരഭിച്ച ബംഗ്ലാദേശിനെ 233 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച രോഹിത് ശർമയും സംഘവും ആദ്യ ഓവർ മുതൽ ട്വന്റി-20 മോഡിൽ ബാറ്റ് വീശിയതോടെ ഇന്ത്യ അതിവേഗത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 34.4 ഓവറിലാണ് ഇന്ത്യ 285 റൺസ് നേടിയത്.
എളുപ്പം പുറത്തായാലും കുഴപ്പമില്ല ഇന്ത്യൻ ബാറ്റർമാരെല്ലാം ആക്രമിച്ച് കളിക്കണമെന്നായിരുന്നു നായകൻ രോഹിത് ശർമയ നിർദേശിച്ചത് എന്നാണ് മധ്യനിര ബാറ്റർ കെ.എൽ. രാഹുൽ പറഞ്ഞത്. മത്സരത്തിൽ 43 പന്തിൽ നിന്നും 68 റൺസ് നേടി ടീമിന്‍റെ സെക്കൻഡ് ടോപ് സ്കോററാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
'എന്താണ് ചെയ്യേണ്ടത് എന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. മഴ മൂലം ഞങ്ങൾക്ക് രണ്ട് ദിവസം നഷ്ടമായിരുന്നു. എന്നാൽ കിട്ടയ സമയം എങ്ങനെ മികച്ചതാക്കാം എന്നായിരുന്നു ഞങ്ങൾ നോക്കിയത്. ജയിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കുകയായിരുന്നു പ്ലാൻ. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അത് കാര്യമാക്കേണ്ട ആക്രമിച്ച് കളിക്കുക എന്നായിരുന്നു നായകൻ രോഹിത് ശർമയുടെ നിർദേശം,' രാഹുൽ പറഞ്ഞു.
52 പന്ത് നേരിട്ട് 72 റൺസ് സ്വന്തമാക്കിയ യുവ ഓപ്പണർ യഷ്വസ്വി ജയ്സ്വാളായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം വിസ്ഫോടനം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. രോഹിത് 11 പന്തിൽ 23 റൺസ് നേടി. ശുഭ്മൻ ഗിൽ 36 പന്തിൽ 39, ഋഷഭ് പന്ത് ഒമ്പത് റൺസ് എന്നിങ്ങനെ സ്കോർ ചെയ്തു. മധ്യനിരയിൽ മികച്ച കൂട്ടുക്കെട്ടുണ്ടാക്കിയ വിരാട് കോഹലി-കെ.എൽ. രാഹുൽ സഖ്യം ഇന്ത്യയെ ലീഡിലെത്തിക്കുകയായിരുന്നു. വിരാട് 35 പന്തിൽ 47 റൺസ് നേടി. വാലറ്റത്ത് ആകാശ് ദീപ് 5 പന്തിൽ രണ്ട് സിക്സറടിച്ചുകൊണ്ട് 12 റൺസ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.