'ചാരമാണെന്നു കരുതി ചികയാൻ നിക്കണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും'
text_fieldsരാഹുൽ തെവാട്ടിയ എന്ന 27കാരനാണ് ഇപ്പോൾ ഐ.പി.എല്ലിലെ ഹീറോ. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 223 റൺസ് പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് റെക്കോഡ് ജയം കുറിച്ചപ്പോൾ താരമായി തിളങ്ങിയത് ബാറ്റു കൊണ്ട് വെടിക്കെട്ട് തീർത്ത തെവാട്ടിയ തന്നെ.
ആദ്യ 17 റൺസ് നേടാൻ 23 പന്ത് എടുത്ത തെവാട്ടിയ പക്ഷേ, ഷെൽഡൻ ക്രോട്ടലിന്‍റെ ഒരോവറിൽ ആകാശത്തേക്ക് പറത്തിയത് അഞ്ച് സിക്സറുകളാണ്. ആ ഒരോവർ കഴിയുമ്പോഴേക്കും സീറോ ആയിരുന്ന തെവാട്ടിയ രാജസ്ഥാൻ ആരാധകരുടെ ഹീറോ ആയി മാറിയിരുന്നു.
തെവാട്ടിയയുടെ ബാറ്റിങ് വിസ്ഫോടനത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ. സീറോയിൽ നിന്ന് ഹീറോ ആയി മാറിയ തെവാട്ടിയയെ കുറിച്ച് ശ്രീനാഥ് പ്രസാദ്കുമാർ ഫേസ്ബുകിൽ എഴുതിയ കുറിപ്പ് വായിക്കാം.
''സഞ്ജുവും സ്മിത്തും കൂടി നല്ല രീതിയിൽ ചേസ് ചെയ്യുന്നു. സഞ്ജു ആണെങ്കില് കരിയറിലെ ഏറ്റവും മികച്ച സമയത്തിലാണെന്നു തോന്നിക്കുന്ന രീതിയിൽ കളിക്കുന്നു. സ്മിത്ത് ഔട്ട് ആകുന്നു, ബാറ്റ് ചെയ്യാൻ തെവാട്ടിയ വരുന്നു. ഒരു കാമിയോ റോൾ കളിക്കാൻ ആണ് തെവാട്ടിയയെ ഇറക്കിയത് എന്ന് കമന്‍ററിയിൽ പറയുന്നു.
ദൗർഭാഗ്യവശാൽ ഒരു ബോള് പോലും നേരെ ചൊവ്വേ ബാറ്റിൽ കൊള്ളിക്കാൻ അയാൾക്ക് കഴിയുന്നില്ല. കമന്‍ററി പറയുന്നവരും, ഹോട്സ്റ്റാറിൽ കമന്‍റ് ഇടുന്നവരും തെവാട്ടിയയെ കുറ്റം പറയാൻ തുടങ്ങി. ഇടക്ക് വെച്ച് എന്തിനാണ് ഇവനെ ഇറക്കിയത് എന്ന് ഞാൻ തന്നെ ചിന്തിച്ചു പോയി. നല്ല ബാറ്റ്‌സ്മാൻ ആയിട്ടും ചില ദിവസങ്ങളുടെ പ്രത്യേകത കൊണ്ട് ദുരന്തനായകനായി അറിയപ്പെടുന്ന ഒരുപാട് കളിക്കാറുണ്ട്. ഇന്ത്യയും ശ്രീലങ്കയും ആയിട്ട് കളിച്ച 20-20 ഫൈനലിൽ യുവരാജിന്‍റേത് അങ്ങനെയൊരു ഇന്നിങ്സ് ആയിരുന്നു. അതുകൊണ്ട് തന്നെ തെവാട്ടിയയോട് ദേഷ്യം തോന്നിയില്ല, പാവത്തിന് ഒന്നും ചെയ്യാൻ കഴിയാതെ വലയുന്നത് കണ്ടപ്പോ സഹതാപം ആണ് തോന്നിയത്.
ഇവൻ ഇപ്പോ ഔട്ട് ആയാൽ എങ്ങനെ ഇന്ന് രാത്രി കിടന്നുറങ്ങും? എന്താവും ഇവന്‍റെ കരിയർ? സ്മിത്തും സഞ്ജുവും കൂടി നന്നായി കളിച്ചുവന്ന കളി നശിപ്പിച്ച ഇവനെ എല്ലാരും കൂടി വേർബൽ റേപ് ചെയ്ത് കൊല്ലാതെ കൊല്ലുമല്ലോ എന്നോർത്ത് ശരിക്കും വിഷമം തോന്നി. ക്ലോസ് അപ്പിൽ കണ്ട അവന്‍റെ മുഖത്തു നോക്കിയപ്പോഴും പാവം തോന്നി. നല്ലൊരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ ഏറ്റവും മോശമൊരു ദിവസമായിപ്പോയല്ലോ ഇന്ന് എന്നോർത്ത് എനിക്ക് സങ്കടം തോന്നി. കമന്‍ററിയിൽ വരെ പറയുന്നു ക്രീസിൽ നിന്ന് സ്റ്റെപ് ഔട്ട് ചെയ്തു കളിക്ക്, ബോള് മിസ്സായാൽ കീപ്പർ സ്റ്റമ്പ് ചെയ്ത് ഔട്ട് ആക്കിക്കോളും, വേറെ ആരെങ്കിലും വന്ന് കളിക്കട്ടെ. ഇവനെ ബാറ്റ് ചെയ്യാൻ വിട്ട ടീം മാനേജ്‌മെന്‍റിനെ പറഞ്ഞാൽ മതിയെന്ന് വരെയായി കമന്‍റുകൾ.
എല്ലാ അർഥത്തിലും അപമാനിക്കപ്പെട്ട് നിൽക്കുന്ന അവന്‍റെ നേർക്ക് ക്രോട്ടെൽ ബോള് ചെയ്യാൻ വരുന്നു. 226 ചേസ് ചെയ്യുന്ന ഈ കളിയിൽ 23 ബോളിൽ തട്ടിമുട്ടി നേടിയ 17 റൺസ് ആണ് ആകെ അവന്‍റെ സമ്പാദ്യം. ക്രോട്ടെലിനെ കണ്ടാൽ തന്നെ പേടിവരും, ആജാനബാഹു, കരീബിയൻ കരുത്തുള്ള ശരീരം, പേടിപ്പെടുത്തുന്ന ബൗളിങ് ആക്ഷൻ.. പുലിയുടെ മുന്നിലേക്ക് അകപ്പെട്ട മുയൽകുട്ടിയെ പോലെയാണ് തെവാട്ടിയയെ എനിക്ക് തോന്നിയത്. ആദ്യത്തെ ബോള് എറിയുന്നു, ഒരു സിംഗിൾ എടുത്ത് അപ്പുറത്തും നിക്കുന്നവന് സ്‌ട്രൈക് കൊടുക്കാൻ സാധിക്കണേ എന്നായി എന്‍റെ പ്രാർഥന.
ആദ്യത്തെ ആ ബോള് ഒരു ഷോട്ട് ബോള് ആയിരുന്നു. അവന്‍റെ കയ്യിലിരുന്ന ബാറ്റ് ശക്തിയായി ചലിച്ചു.... സിക്സ്!!!!
ഹയ്യന്‍റെ മോനെ പൊളിച്ചു... അടുത്ത ബോള് അതേ സ്ഥലത്തേക്ക് വീണ്ടും... വീണ്ടും സിക്സ്...!!! Out of the stadium.!!! മൂന്നാം ബോള് കുറച്ചു കയറ്റി എറിഞ്ഞു, അതും സിക്സ്...!!!! അടുത്ത ബോള്... അതും സിക്സ്...!!!!!!! Four sixes in a row!!! പറഞ്ഞതൊക്കെ തിരിച്ചെടുക്കുന്നു എന്നായി കമന്‍റേറ്റർമാർ... tewatia you are a legend, ജീവിതത്തിലൊരിക്കലും ഇനിയൊന്നിനെയും ഞാൻ എഴുതി തള്ളില്ല എന്ന രീതിയിൽ അവരെ കൊണ്ട് മാറ്റി പറയിപ്പിച്ചു അവൻ.. അപ്പോഴും അവന്‍റെ മുഖത്ത് ഒരു ചിരിയും ഇല്ലായിരുന്നു. അവൻ ഉള്ളിൽ സന്തോഷവും സങ്കടവും കൊണ്ട് കരയുന്നുണ്ടായിരിക്കണം... അടുത്ത ബോള് അടിച്ചില്ല.. ലാസ്റ്റ് ബോളിൽ സിംഗിൾ എടുത്ത് സ്‌ട്രൈക് നിലനിർത്തുമെന്നു കരുതിയിരുന്നു.. പക്ഷെ, അവന് വേറെ പ്ലാനുകൾ ഉണ്ടായിരുന്നു.. ലാസ്റ്റ് ബോളും സിക്സ്...!!!!! ഒരൊറ്റ ഓവറിൽ 30 റൺസ്!!!!!!കളി നേരെ തലകീഴായി തിരിഞ്ഞു!!!!
ഇവിടെ നമ്മൾ കണ്ടത് പോലൊരു ട്വിസ്റ്റ് സിനിമകളിൽ പോലും ഉണ്ടാവില്ല!!!! From zero to hero... അതും വെറും 6 ബോളുകളിൽ...
അവസാനം 30 ബോളിൽ 50 റൺസ് എടുത്താണ് അടുത്ത ബോളിൽ ഔട്ട് ആയത്. അപ്പോഴേക്കും തോറ്റു എന്നുറപ്പിച്ചിരുന്ന കളി ജയത്തിന്‍റെ വക്കത്ത് എത്തിയിരുന്നു.. അവസാനം ലാസ്റ്റ് ഓവറിൽ 3 ബോളുകൾ ബാക്കി നിൽക്കെ 226 റൺസ് ചേസ് ചെയ്ത് രാജസ്ഥാൻ ഐ.പി.എല്ലിലെ ചരിത്രവിജയം സ്വന്തമാക്കി!!!!
റൈസിങ് പുണെക്ക് വേണ്ടി ധോനി അക്ഷർ പട്ടേലിനെതിരെ ലാസ്റ്റ് ഓവറിൽ 23 റൺസ് വേണ്ടപ്പോൾ കളി ജയിപ്പിച്ചിരുന്നു. പക്ഷെ അത് അനേകം അവസരങ്ങളിൽ കൈവിട്ടു പോയ പല കളികളും ധോണി തിരിച്ചു പിടിച്ചതിന്‍റെ കൂട്ടത്തിലൊന്നു മാത്രമായിരുന്നു. എന്നാൽ ഇന്ന് കളി ജയിച്ചതിനെക്കാളുപരി, തെവാട്ടിയ എന്ന ചെറുപ്പക്കാരൻ വിജയിച്ചതിലാണ് സന്തോഷം കൂടുതൽ. എന്തു സംഭവിച്ചാലും ആരെയും, ഒന്നിനെയും എഴുതി തള്ളരുത് എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ് ചെയ്തത്. ചാരമാണെന്നു കരുതി ചികയാൻ നിക്കണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ, പൊള്ളും!!! പൊള്ളി.. പൊള്ളിച്ചു!!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.