മറ്റൊരു പ്രധാന താരവും ഐ.പി.എല്ലിനുണ്ടാകില്ല; രാജസ്ഥാനും സഞ്ജുവിനും വീണ്ടും തലവേദന
text_fieldsദുബൈ: ഐ.പി.എൽ രണ്ടാം ഘട്ടത്തിന് സെപ്തംബർ 19 മുതൽ യു.എ.ഇയിൽ തിരശ്ശീല ഉയരാനിരിക്കേ രാജസ്ഥാൻ റോയൽസിന് വീണ്ടും തലവേദന. ടീമിലെ ഏറ്റവും അവിഭാജ്യഘടകവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ലർ ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ നിന്നും പിന്മാറി.
ഭാര്യ ഗർഭിണിയായതിനാൽ പ്രസവ സമയത്ത് അടുത്തുവേണമെന്നതിനാലാണ് ബട്ലറുടെ പിന്മാറുന്നതെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു. ടീമിലെ നിർണായകമായ ബാറ്റിങ് പൊസിഷനുകളിൽ കളിക്കാനിറങ്ങാറുള്ള ബട്ലർ രാജസ്ഥാൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലാണ്. പകരക്കാരനായി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ െഗ്ലൻ ഫിലിപ്സിനെ രാജസ്ഥാൻ ടീമിലെത്തിച്ചിട്ടുണ്ട്.
ഇംഗ്ലീഷുകാരൻ തന്നെയായ ബെൻ സ്റ്റോക്സ് മാനസിക സമ്മർദ്ദത്തെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പിന്മാറിയിരുന്നു. താരവും ഐ.പി.എല്ലിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് ഭേദമാകാത്ത അതിവേഗ ബൗളർ ജോഫ്ര ആർച്ചറും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ മൂന്ന് വലിയ താരങ്ങൾ ഇല്ലാതെയാകും രാജസ്ഥാന് കളത്തിലിറങ്ങേണ്ടി വരിക.
മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ 2021 സീസണിനിറങ്ങിയത്. ആദ്യ ഘട്ടം തീർന്നപ്പോൾ അഞ്ച് കളികളിൽ നിന്നും ആറുപോയന്‍റുമായി പോയന്‍റ് പട്ടികയിൽ അഞ്ചാമതാണ് രാജസ്ഥാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.