സഞ്ജുവിനൊപ്പം മറ്റ് മൂന്നുപേരെ കൂടി നിലനിർത്തും; കപ്പടിക്കാനുള്ള തയാറെടുപ്പിൽ രാജസ്ഥാൻ റോയൽസ്
text_fieldsന്യൂഡൽഹി: ഐ.പി.എൽ മെഗാലേലം വരാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ എന്നിവരെയാണ് റോയൽസ് റീടെയ്ൻ ചെയ്യുന്നത്. ശേഷിക്കുന്ന താരങ്ങളെ റിലീസ് ചെയ്യുമെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ടീമിനെ പ്ലേഓഫിലെത്തിക്കാൻ നിർണായക പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തുന്നത്.
16 മത്സരങ്ങളിൽനിന്ന് 48.27 ശരാശരിയിൽ 531 റൺസാണ് പോയ സീസണിൽ ക്യാപ്റ്റൻ സഞ്ജു അടിച്ചെടുത്തത്. സീസണിൽ മൂന്ന് അർധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയർന്ന സ്കോർ 82* ആണ്. നാല് ഹാഫ് സെഞ്ച്വറി ഉൾപ്പെടെ 573 റൺസ് നേടിയ റിയാൻ പരാഗ് സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനാണ്. സീസണിൽ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയ യശസ്വി 225 റൺസ് സ്വന്തമാക്കി. 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സന്ദീപ്, രാജസ്ഥാനായി 13 വിക്കറ്റുകളാണ് പിഴുതത്. 2008നു ശേഷം മറ്റൊരു കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാവും അടുത്ത സീസണിൽ രാജസ്ഥാൻ കളത്തിലിറങ്ങുക.
ഡൽഹി ക്യാപിറ്റൽസ് നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഋഷഭ് പന്തിനെ ടീം റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ഇതിനോടകം ശക്തമായിട്ടുണ്ട്. അങ്ങനെയെങ്കിൽ മെഗാലേലത്തിലെ വിലയേറിയ താരങ്ങളിൽ ഒരാൾ പന്താകാനുള്ള സാധ്യത ഏറെയുണ്ട്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അഭിഷേക് പൊരൽ എന്നിവരെയാകും ഡൽഹി നിലനിർത്തുക. എട്ടുവർഷം ക്യാപിറ്റൽസിനായി പാഡണിഞ്ഞ പന്ത് മൂന്ന് സീസണുകളിൽ ടീമിനെ നയിച്ചിട്ടുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സി വിടാൻ തയാറാകുന്ന ശ്രേയസ് അയ്യരുമായി ഡൽഹി ടീം മാനേജ്മെന്റ് ചർച്ച നടത്തുന്നതായി വിവരമുണ്ട്. നേരത്തെ ശ്രേയസ് ക്യാപ്റ്റനായിരിക്കെയാണ് ടീം ഫൈനലിൽ പ്രവേശിച്ചത്. 2020ലായിരുന്നു ഇത്. പന്തിനെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഫ്രാഞ്ചൈസി ഉടമകൾക്കിടയിൽ ഭിന്നതയുള്ളതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ താരവും ടീം മാറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം പന്തിനെ ഡൽഹി റിലീസ് ചെയ്താൽ ടീമിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ് കിങ്സും ലഖ്നോ സൂപ്പർ ജയന്റ്സും. കഴിഞ്ഞ ഏതാനും സീസണായി അസ്ഥിരമായ ടീമാണ് പഞ്ചാബിന്റേത്. ഒരു സീസണിൽതന്നെ പല തവണ ക്യാപ്റ്റൻസി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. ലഖ്നോ ആകട്ടെ, അവരുടെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞതാണ് മാനേജ്മെന്റിന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം.
അതേസമയം നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക വ്യാഴാഴ്ച വൈകിട്ടോടെ ടീമുകൾ സമർപ്പിക്കണം. ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ വരെ നിലനിർത്താം. പരമാവധി അഞ്ച് ക്യാപ്ഡ് താരങ്ങളെയും രണ്ട് അൺക്യാപ്ഡ് താരങ്ങളെയുമാണ് നിലനിർത്താനാകുക. ലേലത്തിൽ ഒരു ടീമിന് പരമാവധി 120 കോടി രൂപയാണ് ഉപയോഗിക്കാനാകുക. ഡിസംബറിലാണ് മെഗാ ലേലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.