'പൂജ്യത്തിന് പുറത്തായതിന് മുഖത്തടിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റോസ് ടെയ്‍ലർ
text_fields'റോസ് ടെയ്‍ലർ: ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന തന്റെ ആത്മകഥയിലാണ് ന്യൂസിലൻഡിന്റെ ഇതിഹാസ താരവും മുൻ നായകനുമായ റോസ് ടെയ്‍ലർ ഐ.പി.എല്ലിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സ് ടീമിൽ കളിച്ചുകൊണ്ടിരുന്ന കാലത്ത് കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ പേരിൽ ടീം ഉടമ തന്റെ കരണത്തടിച്ചെന്നാണ് ടെയ്‍ലർ പറയുന്നത്.
പഞ്ചാബിനെതിരെ റൺ ചേസ് ചെയ്യുന്നതിനിടെ സംപൂജ്യനായി പുറത്തായതിന്റെ പേരിൽ മൂന്നോ നാലോ തവണ ടീം ഉടമ തന്റെ കരണത്തടിച്ചെന്നും ശക്തമായ അടിയല്ലെങ്കിലും അത് ശരിക്കും അടിച്ചതാണോ, തമാശയായിട്ടാണോ ന്ന കാര്യത്തിൽ തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്‍റെ മുകളിലെ ബാറില്‍ ഇരിക്കുകയായിരുന്നു ഞാൻ. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹർളിയും അതിന് സാക്ഷിയായിരുന്നു. രാജസ്ഥാൻ ടീമുടമകളിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു. 'നിങ്ങൾക്ക് ലക്ഷങ്ങൾ തരുന്നത് പൂജ്യത്തിന് പുറത്താകാനല്ല', എന്ന് പറഞ്ഞുകൊണ്ട് അയാൾ മൂന്നോ നാലോ തവണ എന്റെ മുഖത്ത് അടിച്ചു. അതിന് ശേഷം ചിരിക്കുകയും ചെയ്തു. അത് തമാശയായിട്ട് ചെയ്തതാണോ എന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പുമില്ല''. ടെയ്‍ലറിന്റെ പുസ്തകത്തിലുള്ളതായി stuff.co.nz റിപ്പോർട്ട് ചെയ്യുന്നു.
അപ്പോൾ അത് വലിയൊരു പ്രശ്നമായി താൻ എടുത്തില്ലെന്നും എങ്കിലും പ്രഫഷണൽ കരിയറിൽ ഇതുപോലുള്ള അനുഭവങ്ങൾ നിരവധി താരങ്ങൾക്ക് ഉണ്ടായിരിക്കാം എന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലുമായില്ലെന്നും ടെയ്‍ലർ കുറിച്ചു. അതേസമയം, ന്യൂസിലൻഡ് ക്രിക്കറ്റിലെ 16 വർഷം നീണ്ട തന്റെ കരിയറിൽ പലതവണയായി താൻ വംശീയ അധിക്ഷേപം നേരിട്ടുട്ടുണ്ടെന്ന് ടെയ്‍ലർ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ടീമിലെ താരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തൽ വലിയ വാർത്തയായി മാറിയിട്ടുണ്ട്.
ഐ.പി.എല്ലിൽ താരം രാജസ്ഥാൻ, ഡൽഹി ഡെയർ ഡെവിൾസ്, പൂനേ വാരിയേഴ്സ് എന്നീ ടീമുകളിലാണ് താരം കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരം, ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടി. 2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.