ബംഗളൂരു ബാറ്റർമാരെ പിടിച്ചുകെട്ടി രാജസ്ഥാൻ; 173 റൺസ് വിജയലക്ഷ്യം
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 173 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 34 റൺസെടുത്ത രജത് പാട്ടിദാറാണ് ടോപ് സ്കോറർ. ആവേശ് ഖാൻ മൂന്നും രവിചന്ദ്ര അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു കരുതലോടെയാണ് തുടങ്ങിയത്. 3.4 ഓവറിൽ 37 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസിനെ (17) തകർപ്പൻ ക്യാച്ചിലൂടെ മടക്കിയ പവലാണ് രാജസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നൽകുന്നത്. ട്രെൻഡ് ബോൾട്ടിനാണ് വിക്കറ്റ്. തുടർന്ന് ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്കോറിന് വേഗം കൂട്ടിയെങ്കിലും യുസ്വേന്ദ്ര ചഹൽ എത്തിയതോടെ കോഹ്‌ലിയും വീണു. 24 പന്തിൽ 33 റൺസെടുത്ത കോഹ്‌ലി ഡോനോവൻ ഫെരീറക്കാണ് ക്യാച്ച് നൽകിയത്. ഇതിനിടെ കോഹ്ലി ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ 8000 റൺസ് പിന്നിടുന്ന ആദ്യ താരമായി.
രവിചന്ദ്ര അശ്വിൻ എറിഞ്ഞ 13 മത്തെ ഓവറിൽ 27 റൺസെടുത്ത കമറൂൺ ഗ്രീനും റൺസൊന്നും എടുക്കാതെ ഗ്രെൻ മാക്സ് വെലും പുറത്തായതോടെ വൻ പ്രതിരോധത്തിലായി. രജത് പാട്ടിദാറും -മഹിപാൽ ലോംറോറും ചേർന്നാണ് ടീമിനെ നൂറ് കടത്തുന്നത്. 122 ൽ നിൽക്കെ പാട്ടിദാറും മടങ്ങി. 22 പന്തിൽ 34 റൺസെടുത്ത പാട്ടിദാറിനെ ആവേശ് ഖാന്റെ പന്തിൽ റിയാൻ പരാഗാണ് പിടിച്ചത്.
11 റൺസെടുത്ത ദിനേഷ് കാർത്തികിനെയും 17 പന്തിൽ 32 റൺസെടുത്ത മഹിപാൽ ലോംറോറിനെയും ആവേശ് ഖാൻ മടക്കി. ഇന്നിങ്സിലെ അവസാന പന്തിൽ കരൺ ശർമയും (5) പുറത്തായി. ഒമ്പത് റൺസെടുത്ത സ്വപ്നിൽ സിങ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.