പന്തെടുത്തവർക്കെല്ലാം വിക്കറ്റ്, റോയൽസിനെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്സ്; ജയിക്കാൻ 152 റൺസ്
text_fieldsകൊൽക്കത്തക്കെരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്‍റെ നിതീഷ് റാണ ബൗൾഡാകുന്നു
ഗുവാഹത്തി: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ രാജസ്ഥാൻ റോയൽസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസ്, നൈറ്റ് റൈഡേഴ്സിനു മുന്നിൽ 152 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി. 28 പന്തിൽ 33 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലാണ് റോയൽസിന്‍റെ ടോപ് സ്കോറർ. കൊൽക്കത്തക്കായി പന്തെടുത്ത ബോളർമാരെല്ലാം വിക്കറ്റു നേടി. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് റോയൽസ് നേടിയത്.
രാജസ്ഥാൻ ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്ത യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന് ആദ്യ വിക്കറ്റിൽ 33 റൺസ് നേടി. നാലാം ഓവറിൽ 13 റൺസ് നേടിയ സഞ്ജുവിന്‍റെ വിക്കറ്റ് നഷ്ടമായി. വൈഭവ് അറോറയുടെ യോർക്കർ ബാൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച സഞ്ജു ക്ലീൻ ബോൾഡാവുകയായിരുന്നു. തകർപ്പനടികളുമായി കളംനിറഞ്ഞ റിയാൻ പരാഗിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 15 പന്തിൽ 25 റൺസ് നേടിയ താരത്തെ വരുൺ ചക്രവർത്തി വിക്കറ്റ് കീപ്പർ ഡീകോക്കിന്‍റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ 29 റൺസ് നേടിയ യശസ്വി ജയ്സ്വാളും കൂടാരം കയറി. ഇതോടെ റോയൽസ് മൂന്നിന് 69 എന്ന നിലയിലായി.
മധ്യനിരയിൽ ജുറേലൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. നിതീഷ് റാണ (എട്ട്), വാനിന്ദു ഹസരംഗ (നാല്), ശുഭം ദുബെ (ഒമ്പത്), ഷിംറോൺ ഹെറ്റ്മയർ (ഏഴ്) എന്നിവർ പാടെ നിരാശപ്പെടുത്തി. വാലറ്റത്ത് ജോഫ്ര ആർച്ചർ (ഏഴ് പന്തിൽ 16) നടത്തിയ മിന്നൽ പ്രഹരമാണ് സ്കോർ 150 കടത്താൻ സഹായിച്ചത്. മഹീത് തീക്ഷണ (ഒന്ന്*), തുഷാർ ദേശ്പാണ്ഡെ (രണ്ട്*) എന്നിവർ പുറത്താകാതെനിന്നു. നൈറ്റ് റൈഡേഴ്സിനായി വൈഭവ് അറോറ, ഹർഷിത് റാണ, മോയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതവും സ്പെൻസർ ജോൺസൻ ഒരു വിക്കറ്റും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.