കോഹ്ലിക്കെതിരെ സഞ്ജു വെടിക്കെട്ടില്ല; രാജസ്ഥാനെ ഏഴുവിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ
text_fieldsദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂരും രാജസ്ഥാൻ റോയൽസും തമ്മിലുള്ള തീ പാറും പോരാട്ടത്തിൽ മലയാളി താരം സഞ്ജു വി സാംസണിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ചവർ നിരാശരായി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നിർണായക മത്സരത്തിനിറങ്ങിയ രാജസ്ഥാനെ ബാംഗ്ലൂർ ഏഴു വിക്കറ്റിന് തോൽപിച്ചു. സ്കോർ: രാജസ്ഥാൻ റോയൽസ് 149/9(20 ഓവർ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ(153/3(17.1 ഓവർ).
മികച്ച സ്കോറിലേക്ക് കുതിച്ച രാജസ്ഥാനെ 149 റൺസിന് പിടിച്ചുകെട്ടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഗ്ലെൻ മാക്സ്വെല്ലിന്റെ അർധ സെഞ്ച്വറി(30 പന്തിൽ പുറത്താകാതെ 50) തുണയായി. ശ്രീകാർ ഭാരത്(44) മാക്സ്വെല്ലിന് പിന്തുണ നൽകി. വിരാട് കോഹ്ലിയും(25) മലയാളി താരം ദേവ്ദത്ത് പടിക്കലും(22) പുറത്തായതിനു ശേഷമായിരുന്നു മാക്സ്വെല്ലിന്റെ രക്ഷാപ്രവർത്തനം. ഡിവില്ലിയേഴ്സ്(4) പുറത്താകാതെ നിന്നു.
ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ജശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നാലാം ഓവറില്‍ എവിന്‍ ലൂയിസ് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സെടുത്ത് ടോപ് ഗിയറിലേക്ക് കയറിയപ്പോൾ രാജസ്ഥാൻ കൂറ്റൻ സ്കോർ പ്രതീക്ഷിച്ചതാണ്. അഞ്ച് ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു കുതിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ടീമിന്‍റെ സ്കോറിങ്ങിന് വേഗം കുറയുകയായിരുന്നു.
ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റിയന്‍ ബാംഗ്ലൂരിന് നിർണായക വഴിത്തിരിവ് നൽകി. 22 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത ജയ്‌സ്വാളിനെ സിറാജ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ രംഗത്തെത്തി ലൂയിസിന്‍റെ വെടിക്കെട്ട് വഴിമാറിക്കൊടുത്തു. എന്നാൽ, 37 പന്തിൽ 58 റൺസെടുത്ത എവിൻ ലൂയിസിന് അധികം ആയുസുണ്ടായില്ല. കത്തിക്കയറിയ താരത്തെ ജോർജ് ഗാർട്ടനാണ് പുറത്താക്കിയത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ആദ്യമായാണ് താരം അര്‍ധസെഞ്ചുറി നേടുന്നത്. പിന്നാലെ മഹിപാൽ ലോംററും(3) പുറത്തായി. ക്യാപ്റ്റൻ സഞ്ജുവിന്റെ വെടിക്കെട്ട് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 19 റൺസുമായി താരവും പുറത്തായി. പിന്നീടങ്ങോട്ട് രാജസ്ഥാന്റെ കൂട്ടത്തകർച്ചയായിരുന്നു. ലിയാം ലിവിങ്സ്റ്റൺ(6), രാഹുൽ തെവാതിയ(2), റിയാൻ പരാഗ് (9), ക്രിസ്മോറിസ് (14), ചേതാൻ സകറിയ (2) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ഒടുവിൽ രാജസ്ഥാൻ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.