'ഇതൊക്കെ എന്ത്'; ചെന്നൈയുടെ അടിക്ക് രാജസ്ഥാന്‍റെ റോയൽ തിരിച്ചടി
text_fieldsഅബൂദബി: ശൈഖ് സായിദ് സ്റ്റേഡിയത്തിൽ സീസണിലെ ഏറ്റവുമുയർന്ന സ്കോർ കുറിച്ച് മടങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കില്ല. ചെന്നൈ ഉയർത്തിയ 190 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് നഷ്ടത്തിൽ രാജസ്ഥാൻ കൂളായി മറികടന്നു. യശ്വസി ജയ്സ്വാളും എവിൻ ലൂയിസും ചേർന്ന് തുടങ്ങിയ വെടിക്കെട്ട് അണയാതെ സൂക്ഷിച്ച ശിവം ദുബെയും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ 12 കളികളിൽ നിന്നും 10 പോയന്‍റുമായി രാജസ്ഥാൻ േപ്ല ഓഫ് പ്രതീക്ഷ നിലനിർത്തി.
ഋഥുരാജ് ഗെയ്ക്വാദിന്റെ അവിസ്മരണീയ സെഞ്ച്വറിയിൽ പതറാതെയാണ് രാജസ്ഥാൻ ഇന്നിങ്സ് തുടങ്ങിയത്. പവർേപ്ല ഒാവറുകളിൽ ജയ്സ്വാളും (21 പന്തിൽ 50), ലൂയിസും (12 പന്തിൽ 27) ആളിക്കത്തിയതോടെ കോരിയൊഴിക്കാൻ വെള്ളമില്ലാതെ ചെന്നെ നായകൻ ധോണി നട്ടം തിരിഞ്ഞു. വെറും 19 പന്തുകളിലാണ് ജയ്സ്വാൾ അർധ സെഞ്ച്വറി കടന്നത്. വൈകാതെ ഇരുവരും അടുത്തടുത്ത് പുറത്തായതോടെ ചെെന്നെ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും കൂറ്റനടികളുമായി ശിവം ദുബെ (64 പന്തിൽ 42) കളം പിടിക്കുകയായിരുന്നു. സിംഗിളുകൾ നൽകിയും ബൗണ്ടറികൾ അടിച്ചും സഞ്ജു (24 പന്തിൽ 28) ദുബെക്ക് പിന്തുണ നൽകി. ചെന്നൈ നിരയിൽ പന്തെടുത്തവരെല്ലാം വയറുനിറയെ തല്ലുവാങ്ങി. ജോഷ് ഹേസൽവുഡ് നാലോവറിൽ 54ഉം സാം കറൻ 55ഉം റൺസുമാണ് വഴങ്ങിയത്. േപ്ലയിങ് ഇലവനിൽ ഇടംപിടിച്ച ചെന്നൈയുടെ മലയാളി പേസർ മുഹമ്മദ് ആസിഫ് 18 റൺസ് വഴങ്ങി ഒരുവിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ചെെന്നെ ഗെയ്ക്വാദിന്റെ മിടുക്കിലാണ് കൂറ്റൻ സ്കോറുയർത്തിയത്. അവസാന പന്തിൽ സെഞ്ച്വറിയിലേക്കെത്താൻ അഞ്ചുറൺസ് വേണമെന്നിരിക്കേ രാജസ്ഥാന്‍റെ പ്രീമിയം പേസർ മുസ്തഫിസുർ റഹ്മാനെ ഗാലറിയിലേക്ക് സിക്സറിന് പറത്തിയാണ് ഗെയ്ക്വാദ് തന്‍റെ കന്നി സെഞ്ച്വറിയുടെ മധുരം നുണഞ്ഞത്.
പതിയെത്തുടങ്ങി പെയ്തിറങ്ങിയ ഗെയ്ക്വാദിന്റെ തീപ്പൊരി ബാറ്റിങ്ങിന്‍റെ മികവിൽ നാലുവിക്കറ്റിന് 189 റൺസാണ് ചെന്നൈ കുറിച്ചത്. 43 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയ ഗെയ്ക്വാദ് പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ഒൻപത് ബൗണ്ടറികളും അഞ്ചുസിക്സറുകളുമാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പെയ്തിറങ്ങിയത്. സെഞ്ച്വറിയോടെ 508 റൺസുമായി ടൂർണെമന്റ് ടോപ്സ്കോറർക്കുള്ള ഓറഞ്ച് തൊപ്പിയും ഗെയ്ക്വാദ് നേടിയെടുത്തു.
ഫാഫ് ഡുെപ്ലസിസ് (25), മുഈൻ അലി (21), രവീന്ദ്ര ജദേജ (32) എന്നിവരും തങ്ങളുടെ സംഭാവനകൾ നൽകി. സുരേഷ് റെയ്ന മൂന്നുറൺസുമായി ഒരിക്കൽ കൂടി പരാജയമായപ്പോൾ അമ്പാട്ടി റായുഡു രണ്ടുറൺസുമായി മടങ്ങി. രാജസ്ഥാനായി രാഹുൽ തേവാത്തിയ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.