'സ്റ്റോക്' തീരാതെ സഞ്ജു; മുംബൈയെ തല്ലിയോടിച്ച് രാജസ്ഥാൻ
text_fieldsദുബൈ: തെൻറ പെരുമക്കൊത്ത പ്രകടനവുമായി സാക്ഷാൽ ബെഞ്ചമിൻ സ്റ്റോക്സും പന്തിനോടുള്ള പ്രണയം തിരിച്ചുപിടിച്ച് സഞ്ജു സാംസണും നിറഞ്ഞാടിയതോടെ രാജസ്ഥാന് ഗംഭീര വിജയം. േപ്ല ഓഫ് സാധ്യത നിലനിർത്താൻ വിജയം നിർണായകമായ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ മുംബൈയെ രാജസ്ഥാൻ എട്ടുവിക്കറ്റിന് മലർത്തിയടിക്കുകയായിരുന്നു. 60 പന്തിൽ നിന്നും 107 റൺസെടുത്ത സ്റ്റോക്സും 31 പന്തുകളിൽ നിന്നും 54 റൺസെടുത്ത സഞ്ജുവും മുംബൈ ബൗളർമാരെ തല്ലിയോടിച്ചു.
മുംബൈ ഉയർത്തിയ 195 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാനായി സ്റ്റോക്സ് അവതരിക്കുകയായിരുന്നു. റോബിൻ ഉത്തപ്പയും സ്റ്റീവൻ സ്മിത്തും പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു 'സെൻസിബിൾ' ഇന്നിങ്സാണ് കാഴ്ചവെച്ചത്. സിംഗിളുകളിൽ തുടങ്ങിയ ഇന്നിങ്സിന് നിറച്ചാർത്തായി സിക്സറുകളും ബൗണ്ടറികളും വിരുന്നെത്തി. കണക്കുകൂട്ടി ബാറ്റ് വീശിയ രാജസ്ഥാൻ 18.2 ഓവറുകളിൽ വിജയത്തിലെത്തി.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കീറൺ പൊള്ളാർഡിെൻറ നേതൃത്വത്തിലിറങ്ങിയ മുംബൈ രാജസ്ഥാൻ ബൗളർമാരെ പൊതിരെതല്ലി. 21 പന്തിൽ ഏഴുസിക്സറടക്കം 60 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ഇടിത്തീയായി പെയ്തിറങ്ങുകയായിരുന്നു. 26 പന്തിൽ 40 റൺസെടുത്ത സൂര്യകുമാർ യാദവും 34 റൺസെടുത്ത സൗരഭ് തിവാരിയും 37 റൺസെടുത്ത ഇഷാൻ കിഷനും മുംബൈ ഇന്നിങ്സിന് ബലമേകി.
പതിവുഫോം തുടർന്ന ജോഫ്ര ആർച്ചറും ശ്രയസ് ഗോപാലും രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാൻ നിരയിൽ അങ്കിത് രാജ്പുത് നാലോവറിൽ 60 റൺസ് വഴങ്ങി ദുരന്ത നായകനായി. മുംബൈ നിരയിൽ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ജെയിംസ് പാറ്റിൻസൺ 40 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.