മൊഞ്ചുള്ള സെഞ്ച്വറിയുമായി സഞ്ജു; എന്നിട്ടും വിജയിക്കാൻ യോഗമില്ലാതെ രാജസ്ഥാൻ
text_fieldsമുംബൈ: വാംഖഡെ സ്റ്റേഡിയത്തിന്റെ പുൽനാമ്പുകളെ കോരിത്തരിപ്പിച്ച് സഞ്ജു സാംസൺ നിറഞ്ഞാടിയിട്ടും വിജയിക്കാൻ യോഗമില്ലാതെ രാജസ്ഥാൻ. പഞ്ചാബ് കിങ്സിന്റെ 220 റൺസിന്‍റെ റൺമല താണ്ടിയിറങ്ങിയ രാജസ്ഥാൻ നാലുറൺസകലെ വീഴുകയായിരുന്നു. 63 പന്തിൽ 119 റൺസുമായി ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തിട്ടും അവസാനപന്തിൽ വിജയത്തിലേക്ക് വേണ്ട അഞ്ചുറൺസ് നേടാനാകാതെ ദീപക് ഹൂഡക്ക് പിടികൊടുത്ത് സഞ്ജു തിരികെ നടക്കുകയായിരുന്നു.
രണ്ടാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനെ പുറത്താക്കാൻ പഞ്ചാബ് നായകൻ കെ.എൽ രാഹുൽ കൈയ്യിലുള്ള അസ്ത്രങ്ങളെല്ലാം പുറത്തെടുത്തെങ്കിലും വീഴാതെ കളംവാണ മലയാളി താരം എതിരാളികളുടെ പോലും കൈയ്യടിനേടിയാണ് തിരിച്ചുനടന്നത്. ഇടവേളകളിൽ കൂട്ടിനെത്തിയ ജോസ് ബട്ലർ (25), ശിവം ദുബെ (23), റ്യാൻ പരാഗ് (25) എന്നിവരെ കൂട്ടുപിടിച്ച് സഞ്ജു സംഹാരതാണ്ഡവമാടുകയായിരുന്നു. വിക്കറ്റിന് പിന്നിൽ ഒരു തവണ കെ.എൽ രാഹുലും ഉയർത്തിയടിച്ച പന്ത് മായങ്ക് അഗർവാളും കൈവിട്ടത് സഞ്ജുവിന് തുണയായി. സ്വതസിദ്ധമായ ക്ലാസിക് ഷോട്ടുകളാൽ കളം നിറഞ്ഞ സഞ്ജു നായകനൊത്ത പക്വതയും പ്രകടിച്ചാണ് ക്രീസിൽ വാണത്.
ആദ്യംബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറുവിക്കറ്റിന് 221 റൺസെടുത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. സിക്സറുകളുടെ മാലപ്പടക്കം തീർത്ത ദീപക് ഹൂഡ (28 പന്തിൽ 64), ഓപ്പണറായിറങ്ങി അവസാനം വരേയും വെടിക്കെട്ട് ബാറ്റിങ് തീർത്ത കെ.എൽ രാഹുൽ (50 പന്തിൽ 91), വെറ്ററൻ താരം ക്രിസ് ഗെയിൽ (28 പന്തിൽ 40) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് റൺമഴ പെയ്യിച്ചത്.
14 റൺസെടുത്ത മായങ്ക് അഗർവാളിനെ നിലയുറപ്പിക്കും മുേമ്പ ചേതൻ സകരിയ മടക്കിയെങ്കിലും രാജസ്ഥാനെ ശ്വാസം വിടാൻ പോലും അനുവദിക്കാതെ രാഹുലും ഗെയ്ലും അടിതുടങ്ങുകയായിരുന്നു. രാഹുലിന്‍റെ ബാറ്റിൽ നിന്നും അഞ്ച് സിക്സറുകളും ഏഴ് ബൗണ്ടറികളും പിറന്നപ്പോൾ രണ്ട് സിക്സറുകളും നാല് ബൗണ്ടറികളുമടക്കമായിരുന്നു ഗെയിലിന്‍റെ ഇന്നിങ്സ്. ഗെയിൽ വീണതിന് ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ആറ് സിക്സറും നാലുബൗണ്ടറികളും സഹിതമുള്ള ഹൂഡയുടെ ബാറ്റിങ് രാജസ്ഥാനെ ഉൾക്കിടിലം കൊള്ളിച്ചു.
നാലോവറിൽ 31 റൺസിന് മൂന്ന് വിക്കറ്റെടുത്ത നവാഗത താരം ചേതൻ സക്കരിയയാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്. മുസ്തഫിസുർ നാലോവറിൽ 45 റൺസ് വഴങ്ങിയപ്പോൾ പൊന്നും വിലക്ക് ടീമിലെത്തിയ ക്രിസ് മോറിസ് 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഒരോവർ മാത്രമറിഞ്ഞ ശിവം ദുബെ 20 റൺസാണ് വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.