ഇനിയൊക്കെ കണക്കാ!; രാജസ്ഥാന് ഇന്ന് പഞ്ചാബിനെതിരെ അവസാന ലീഗ് മത്സരം
text_fieldsധർമശാല: രാജസ്ഥാൻ റോയൽസിനും പഞ്ചാബ് കിങ്സിനും ലീഗ് ഘട്ടത്തിൽ വെള്ളിയാഴ്ച അവസാന മത്സരമാണ്. ഐ.പി.എൽ പോയന്റ് ടേബ്ളിൽ 12 പോയന്റ് വീതമുള്ള ഇവർ യഥാക്രമം ആറും എട്ടും സ്ഥാനത്ത് നിൽക്കുന്നു. ഇന്ന് തോൽക്കുന്നവർക്ക് വേറൊന്നും ചിന്തിക്കാതെ മടങ്ങാം. ജയിക്കുന്നത് രാജസ്ഥാനാണെങ്കിൽ നേർത്തൊരു പ്രതീക്ഷമാത്രം ബാക്കിയുണ്ട്.
നിലവിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നോ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് രാജസ്ഥാന് മുന്നിലുള്ളത്. ഇവരിൽ പ്ലേ ഓഫിലെത്തിയത് 18 പോയന്റുള്ള ഗുജറാത്ത് മാത്രം.
ഓരോ മത്സരം ബാക്കിയുള്ള ചെന്നൈക്കും ലഖ്നോക്കും 15 വീതം പോയന്റ്. ഡൽഹിയെ തോൽപിക്കുന്നതിലൂടെ ചെന്നൈക്കും കൊൽക്കത്തയെ വീഴ്ത്തുന്നതിലൂടെ ലഖ്നോക്കും കടക്കാം. തോറ്റാലും ഇരു ടീമിനും പ്രതീക്ഷയുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദുമായാണ് മുംബൈയുടെ അവസാന പോരാട്ടം. നിലവിൽ 14 പോയന്റുള്ള രോഹിത് ശർമയുടെ സംഘത്തിന് ഈ കളി ജയിക്കുന്നതിനൊപ്പം ഭാഗ്യവും തുണച്ചാൽ പ്ലേ ഓഫിലെത്താം.
ഇന്ന് വലിയ വ്യത്യാസത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്തുകയും ഗുജറാത്തിനോട് ബാംഗ്ലൂരും ഹൈദരാബാദിനോട് മുംബൈയും അവസാന മത്സരങ്ങളിൽ തോൽക്കുകയും ചെയ്താൽ റൺറേറ്റ് കൂടി തുണക്കുന്ന പക്ഷം പ്ലേ ഓഫിൽ കയറാമെന്നതാണ് രാജസ്ഥാന് മുന്നിലെ ഏകവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.