രാജസ്ഥാന് 29 റൺസ് ജയം
text_fieldsമുംബൈ: നിരന്തരമായ ഫോമില്ലായ്മക്കിടയിൽ അപ്രതീക്ഷിതമായി പിറന്ന റിയാൻ ഷോ. പേസർ കുൽദീപ് സെന്നിന്റെ നാല് വിക്കറ്റ് പ്രകടനം. സ്പിന്നർ രവിചന്ദ്ര അശ്വിന്റെ മാന്ത്രികവിരലാട്ടം. പതിവുപോലെ വിരാട് കോഹ്‍ലിയുടെ തപ്പിത്തടഞ്ഞുള്ള പുറത്താകൽ. വലിയ സംഭവങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കുറഞ്ഞ സ്കോറിൽ ചുരുങ്ങിയിട്ടും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 29 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് വീണ്ടും സ്കോർ പട്ടികയിൽ ഒന്നാമത്.
ഒട്ടും ഫോമിലല്ലാതിരുന്ന റിയാൻ പരാഗ് 31 പന്തിൽ അടിച്ചുപരത്തിയ 56 റൺസിന്റെ ബലത്തിൽ രാജസ്ഥാൻ കഷ്ടപ്പെട്ടുയർത്തിയ 145 റൺസ് ലക്ഷ്യത്തിലേക്ക് ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയ ബാംഗ്ലൂർ 115 റൺസിന് പുറത്താവുകയായിരുന്നു. 23 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് ഒഴികെ മറ്റാരും കാര്യമായി സംഭാവന ചെയ്യാതെ പോയപ്പോൾ അനിവാര്യമായ തോൽവിയിൽ ബാംഗ്ലൂർ വീഴുകയായിരുന്നു. വിരാട് കോഹ്‍ലി (8), രജത് പട്ടീദാർ (16), ഗ്ലെൻ മാക്സ്വെൽ (0), ഷഹബാസ് അഹമ്മദ് (17), വാനിന്ദു ഹസരങ്ക (18) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സ്കോർ.
കുറഞ്ഞ സ്കോറിനെ സമർത്ഥമായി പ്രതിരോധിച്ച ബൗളർമാരാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളികളിൽ പുറത്തിരുന്ന കുൽദീപ് സെൻ കിട്ടിയ അവസരം മുതലാക്കി. ഡുപ്ലസി, മാക്സ്വെൽ എന്നിവരുടെതടക്കം വിലപ്പെട്ട നാലു വിക്കറ്റുകൾ വെറും 20 റൺസിനാണ് സെൻ സ്വന്തമാക്കിയത്. 17 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും വിജയത്തിൽ നിർണായകമായി.
ഇക്കുറിയും ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് കഴിഞ്ഞ മത്സരങ്ങളിലെപോലെ റൺമല ഉയർത്താനായില്ല. വമ്പൻ സ്കോറുകാരനായ ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും പെട്ടെന്ന് മടങ്ങിയതാണ് തിരിച്ചടിയായത്. നായകൻ സഞ്ജു സാംസൺ മൂന്നു സിക്സറുകളും ബൗണ്ടറിയുമായി 21 പന്തിൽ 27 റൺസെടുത്തു പുറത്തായി. പിന്നീടായിരുന്നു റിയാൻ പരാഗിന്റെ ഷോ. 31 പന്തിൽ നാല് സിക്സറും മൂന്ന് ബൗണ്ടറിയുമായി 56 റൺസ് നേടി പരാഗ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.