ലഖ് 'നോ ഫൈനൽ'; ബാംഗ്ലൂരിന് 14 റൺസ് ജയം
text_fieldsകൊൽക്കത്ത: ലഖ്നോ സൂപ്പർ ജയന്റ്സ് ബൗളർമാർക്കുമേൽ താണ്ഡവമാടിയ രജത് പാട്ടിദാറുടെ ശതക പ്രകടന മികവിൽ ഐ.പി.എൽ എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 14 റൺസ് ജയം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. ശക്തമായി തിരിച്ചടിച്ചെങ്കിലും ലഖ്നോയുടെ മറുപടി 20 ഓവറിൽ ആറിന് 193ലൊതുങ്ങി.
തോൽവിയോടെ ലഖ്നോ പുറത്തായി. ഫൈനൽ തേടി വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസ് ഇതിനകം ഫൈനലിലെത്തിയിട്ടുണ്ട്. അപരാജിത സെഞ്ച്വറിയിൽ 54 പന്തിൽ 12 ഫോറും ഏഴ് സിക്സുമായി 112 റൺസായിരുന്നു പാട്ടിദാറുടെ സംഭാവന. ക്യാപ്റ്റൻ കെ.എൽ രാഹുൽ 58 പന്തിൽ 79 റൺസെടുത്ത് ലഖ്നോയുടെ ടോപ് സ്കോററായി. ടോസ് നേടിയ ലഖ്നോ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ദിനേശ് കാർത്തിക് 23 പന്തിൽ 37 റൺസുമായും പുറത്താവാതെ നിന്നു. ഓപണർ വിരാട് കോഹ് ലി 24 പന്തിൽ 25 റൺസ് നേടി. മുഹ്സിൻ ഖാൻ എറിഞ്ഞ പ്രഥമ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ കൂടിയായ ഓപണർ ഫാഫ് ഡു പ്ലസിസ് വിക്കറ്റിന് പിന്നിൽ ഡീ കോക്കിന് ക്യാച്ച് നൽകി മടങ്ങിയത് ബാംഗ്ലൂരിന് ആഘാതമായി. മൂന്നാമനായെത്തിയ പാട്ടിദാർക്കൊപ്പം കോഹ് ലി നടത്തിയ പോരാട്ടത്തിലൂടെ സ്കോർ മുന്നോട്ട് കുതിച്ചു.
ഒമ്പതാം ഓവറിൽ ടീം സ്കോർ 70ൽ നിൽക്കെയാണ് കോഹ് ലി മടങ്ങിയത്. ഗ്ലെൻ മാക്സ് വെല്ലിന് (ഒമ്പത്) പത്ത് പന്തുകളുടെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. സ്കോർ ഉയർത്താനുള്ള ശ്രമങ്ങൾക്കിടെ മഹിപാൽ ലോംറോർ (14) പുറത്തായി. തുടർന്നെത്തിയ കാർത്തിക്കുമായി ചേർന്ന് പാട്ടിദാർ വെടിക്കെട്ട് തുടരുകയായിരുന്നു. ലഖ്നോക്ക് വേണ്ടി ദീപക് ഹൂഡ 26 പന്തിൽ 45 റൺസും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.