രാജ്കോട്ടും ലോർഡ്സും തമ്മിലെന്ത്?
text_fieldsരാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമംഗങ്ങളുടെ മനസ്സിൽ നാട്ടിലെ ഓർമകൾ അലയടിക്കും. ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സ് സ്റ്റേഡിയവും രാജ്കോട്ടിലെ സ്റ്റേഡിയവും തമ്മിൽ ഒരു ബന്ധമുണ്ട്. ലോർഡ്സിലെ മീഡിയ ബോക്സിന്റെ അതേ മാതൃകയിലാണ് രാജ്കോട്ടിലെ മീഡിയ ബോക്സും തയാറാക്കിയത്. കോഴിമുട്ടയുടെ ആകൃതിയിലുള്ള ഈ ഗാലറി മാത്രം കാണുമ്പോൾ ഒരുവേള ലോർഡ്സാണെന്ന് തോന്നിപ്പോകും.
കഴിഞ്ഞ ദിവസം ആർ. അശ്വിൻ എക്സിൽ പോസ്റ്റ് ചെയ്ത പടങ്ങൾ വൈറലായിരിക്കുകയാണ്. ലോർഡ്സിലെയും രാജ്കോട്ടിലെയും മീഡിയ ബോക്സിന്റെ പടങ്ങളാണ് ഇന്ത്യൻ സ്പിന്നർ പങ്കുവെച്ചത്. ടെസ്റ്റിൽ 500 വിക്കറ്റ് നേടാൻ ഒരു വിക്കറ്റുകൂടി ആവശ്യമുള്ള അശ്വിനാകും ഇന്നു മുതൽ മീഡിയ ബോക്സിലെ പ്രധാന സംസാരവിഷയം.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള രാജ്കോട്ടിലെ സ്റ്റേഡിയത്തിലെ മീഡിയ ബോക്സും ഇതിനോടു ചേർന്ന കിഴക്കേ ഗാലറിയുടെ ചില മേൽക്കൂരകളും കഴിഞ്ഞ ഡിസംബറിൽ ചുഴലിക്കാറ്റിൽ തകർന്നിരുന്നു. മൂന്നാം ടെസ്റ്റിന്റെ തലേദിവസമാണ് അറ്റകുറ്റപ്പണികൾ അവസാനിച്ചത്. സ്റ്റേഡിയത്തിന് സൗരാഷ്ട്രയിൽനിന്നുള്ള എക്കാലത്തെയും പ്രഗല്ഭനായ ക്രിക്കറ്റ് സംഘാടകൻ നിരഞ്ജൻ ഷായുടെ പേരിട്ടത് ഇന്നലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.