രഞ്ജി ട്രോഫി: മായങ്കിന് ഇരട്ട സെഞ്ച്വറി; കേരളത്തിനെതിരെ കർണാടകക്ക് ലീഡ്
text_fieldsതിരുവനന്തപുരം: ക്യാപ്റ്റനും ഇന്ത്യൻതാരവുമായ മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 342 പിന്തുടർന്ന സന്ദർശകർ മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ആറിന് 410 എന്ന ശക്തമായ നിലയിലാണ്. 68 റൺസിന്റെ ലീഡാണുള്ളത്.
രണ്ടിന് 137 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കർണാടക്കായി 360 പന്തുകൾ നേരിട്ട മായങ്ക് 17 ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 208 റൺസ് നേടി. വൈശാഖ് ചന്ദ്രന്റെ പന്തിൽ വത്സൽ എടുത്ത ക്യാച്ചാണ് മായങ്കിനെ പുറത്താക്കിയത്. എസ്.ജെ. നികിൻ ജോസുമായി ചേർന്ന് മായങ്ക് നേടിയ 151 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കർണാടക നിരക്ക് ശക്തമായ അടിത്തറയായി. നികിൻ 54 റൺസ് നേടി.
നികിൻ പുറത്തായശേഷം എത്തിയ ഇന്ത്യൻതാരം മനീഷ് പാണ്ഡെ നേരിട്ട ആദ്യ പന്തിൽ പുറത്തായി. ശ്രേയസ് ഗോപാൽ 48 റൺസ് നേടി. കളി അവസാനിക്കുമ്പോൾ 47 റൺസുമായി ബി.ആർ. ശരത്തും എട്ടു റൺസുമായി ശുഭംഗ് ഹെഗ്ഡെയുമാണ് ക്രീസിൽ. കേരളത്തിനുവേണ്ടി വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും നിധീഷ്, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.