കറങ്ങി വീണ് പഞ്ചാബ്; കേരളത്തിന് 158 റൺസ് വിജയലക്ഷ്യം; രഞ്ജി സൂപ്പർ ക്ലൈമാക്സിലേക്ക്!
text_fieldsതിരുവനന്തപുരം: സ്പിന്നർമാർ കളംവാഴുന്ന കേരള-പഞ്ചാബ് രഞ്ജി ട്രോഫി മത്സരം സൂപ്പർ ക്ലൈമാക്സിലേക്ക്! പഞ്ചാബിന്‍റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ അവസാനിച്ചു. ഇന്നത്തെ ദിവസം ബാക്കി നിൽക്കെ കേരളത്തിന് 158 റൺസ് വിജയലക്ഷ്യം.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിങ്സിൽ 55.1 ഓവറിൽ 142 റൺസിനു പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത് എന്നിവരാണ് പഞ്ചാബിനെ കറക്കി വീഴ്ത്തിയത്. ജലജ് സക്സേന രണ്ടു വിക്കറ്റ് നേടി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. താരം 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റൺസെടുത്ത് പുറത്തായി. നാലു താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിങ്ങിന്റെ പ്രതിരോധവും നിർണായകമായി. 25 പന്തിൽ 12 റൺസെടുത്ത നേഹൽ വധേരയും ഓപ്പണർ അഭയ് ചൗധരിയുമാണ് (12) രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
അവസാന ദിനമായ തിങ്കളാഴ്ച മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. 119 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള ഏഴു വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. ഓപ്പണർ നമാൻ ധിർ (37 പന്തിൽ 7), സിദ്ധാർഥ് കൗൾ (0), കൃഷ് ഭഗത് (34 പന്തിൽ അഞ്ച്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 9), രമൺദീപ് സിങ് (0), ഗുർനൂർ ബ്രാർ (ആറു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇമാൻജോത് സിങ് ചഹൽ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. പഞ്ചാബിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്‍റെ അതിഥി താരങ്ങളാണ്. ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരും സ്പിൻ കെണിയിൽ വീണു, 179 റൺസിന് കൂടാരം കയറി. ആറു വിക്കറ്റുകളും പിഴുതത് ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.