രഞ്ജി: 23 റൺസെടുക്കുന്നതിനിടെ ആറ് പേരും പുറത്ത്; കേരളത്തെ 244-ൽ ഒതുക്കി മുംബൈ
text_fieldsതിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡെന്ന സ്വപ്നവുമായി ക്രീസിലെത്തിയ കേരളത്തിന് ബാറ്റിങ് തകർച്ച. സഞ്ജു സാംസണെയും പരിവാരങ്ങളെയും 244ന് എറിഞ്ഞൊതുക്കി അജിങ്ക്യ രഹാനെയും സംഘവും ഏഴ് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 15.2 ഓവറിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ പിഴുത മുംബൈ ഫാസ്റ്റ് ബൗളർ മോഹിത് അവസ്തിയുടെ തീപാറിയ പന്തുകളാണ് തുമ്പയിൽ കേരളത്തെ തകർത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ രണ്ടാംദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 105 എന്ന നിലയിലാണ്. 59 റണ്‍സുമായി ജേ ബിസ്തയും 41 റൺസുമായി ഭൂപന്‍ ലവ്ലാനിയുമാണ് ക്രീസില്‍.
മുംബൈയുടെ 251 റണ്‍സിനെതിരെ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളം ഒരുഘട്ടത്തിൽ 221-5 എന്ന നിലയിലായിരുന്നു. അവസാന അഞ്ച് വിക്കറ്റുകള്‍ 23 റണ്‍സിന് നഷ്ടമാക്കിയാണ് നിർണായക ലീഡ് കൈവിട്ടത്. കേരളത്തിനായി ഓപണർ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും മികച്ച തുടക്കമാണ് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും സ്കോർ ബോർഡ് നിഷ്പ്രയാസം ചലിപ്പിച്ചു. എട്ടാം ഓവറിൽ സ്കോർ 46ൽ നിൽക്കേ 15 പന്തില്‍ 21 റൺസ് നേടിയ കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മോഹിത്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പി.വൈ. പവാർ പിടികൂടുകയായിരുന്നു. തന്റെ 100ാം ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ രോഹൻ പ്രേമിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്സ്. അക്കൗണ്ട് തുറക്കുംമുമ്പ് രോഹനെ മോഹിത്ത് മടക്കിയതോടെ കേരളം അപകടം മണത്തു. നാലാമനായെത്തിയ സച്ചിൻ ബേബി കരുതലോടെ കളിച്ചതോടെ സ്കോര്‍ ബോർഡ് മുന്നോട്ടുനീങ്ങി. ഇതിനിടെ അർധ സെഞ്ച്വറി പിന്നിട്ട രോഹൻ കുന്നുമ്മൽ 24ാം ഓവറിൽ പുറത്തായി. 77 പന്തിൽ 56 റൺസ് നേടിയ ശിവം ദുബെയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആക്രമണോത്സുക ബാറ്റിങ്ങാണ് പുറത്തെടുത്തത്. വമ്പനടിക്ക് ശ്രമിച്ച സഞ്ജു (38) ശിവം ദുബെക്ക് ക്യാച്ച് നൽകി മടങ്ങിക് സ്കോർ 221ൽ നിൽക്കേ വിഷ്ണു വിനോദിനെയും (29) പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു.
233ൽ നിൽക്കെ ആറാമനായി ശ്രേയസ് ഗോപാൽ (12) പുറത്താകുമ്പോഴും കേരളം ലീഡ് പ്രതീക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെ സച്ചിൻ ബേബിയും മടങ്ങിയതോടെ മികച്ച ലീഡ് പ്രതീക്ഷ കേരളം നിരാശയിലായി. പിന്നീടെത്തിയവർ മോഹിത് അവസ്തിയുടെ പന്തുകൾക്ക് മുന്നിൽ നക്ഷത്രക്കാലെണ്ണിയതോടെ ഏഴ് റൺസിന്റെ നിർണായക ലീഡ് മുംബൈ സ്വന്തമാക്കുകയായിരുന്നു. ജലജ് സക്സേന (പൂജ്യം), ബേസിൽ തമ്പി (ഒന്ന് ), സുരേഷ് വിശ്വേശ്വർ (നാല്) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. ആറ് റൺസുമായി എം.ഡി. നിധീഷ് പുറത്താകാതെനിന്നു. 130 പന്ത് നേരിട്ട് 65 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.