മാലേവർ വീണു; കളി തിരിച്ചുപിടിച്ച് കേരളം, വിദർഭക്ക് ഏഴ് വിക്കറ്റ് നഷ്ടം
text_fieldsനാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിവസം കേരളത്തിന് മികച്ച തുടക്കം. നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദർഭക്ക് ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 36 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും രണ്ടാം ദിനത്തിൽ വിദർഭക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 153 റൺസെടുത്ത ഡാനിഷ് മലേവാറാണ് പുറത്തായത്. ബേസിലിനായിരുന്നു വിക്കറ്റ്.
അഞ്ച് റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും വിദർഭക്ക് ആറാം വിക്കറ്റും നഷ്ടമായി. യാഷ് താക്കൂറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബേസിൽ തന്നെയാണ് കേരളത്തിന് മേൽക്കൈ സമ്മാനിച്ചത്. യാഷ് താക്കൂറിന് പിന്നാലെയെത്തിയ യാഷ് റാത്തോഡിനെ കൂടി പുറത്താക്കി കേരളം ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഏദൽ ആപ്പിൾ ടോമാണ് റാത്തോഡിന്റെ വിക്കറ്റെടുത്ത്. നിലവിൽ അക്ഷയ് വാഡ്ക്കറും അക്ഷയ് കർനെവാറുമാണ് ക്രീസിലുള്ളത്.
ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ മുൻതൂക്കം നേടിയെങ്കിലും ഇത് നിലനിർത്താൻ കേരളത്തിനായില്ല. വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.
നേരത്തെ ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.നാഗ്പുർ വി.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ബാറ്റർ വരുൺ നായനാരെ ഒഴിവാക്കി യുവ പേസർ ഏദൻ ആപ്പിൾ ടോമിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബൗളറെ കൂടി കേരളം ടീമിലുൾപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.