ആലപ്പുഴയിൽ ആദ്യമായി രഞ്ജി ട്രോഫി; കേരളം-യു.പി മത്സരം അഞ്ചുമുതൽ
text_fieldsആലപ്പുഴ: 'കിഴക്കിന്റെ വെനീസ്' ആദ്യമായി വേദിയാകുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം ജനുവരി അഞ്ചുമുതൽ എസ്.ഡി കോളജ് ഗ്രൗണ്ടിൽ നടക്കും. കേരളവും യു.പിയും തമ്മിൽ നാലുദിവസമാണ് കളി. രാജ്യാന്തര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസൺ അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷയിലാണ് ആരാധകർ. കേരള ടീം അംഗങ്ങൾ ഗ്രൗണ്ടിലെ നെറ്റ്സിൽ പരിശീലനം തുടങ്ങി. യു.പി ടീം ചൊവ്വാഴ്ച ഉച്ചയോടെ ആലപ്പുഴയിലെത്തും. അഞ്ചിന് രാവിലെ 9.30ന് ഉത്തർപ്രദേശുമായാണ് കേരളത്തിന്റെ ആദ്യമത്സരം.
കേരള ടീമിന്റെ ക്യാമ്പുകൾ സ്ഥിരമായി നടക്കാറുണ്ടെങ്കിലും ആദ്യമായാണ് രഞ്ജിട്രോഫി മത്സരത്തിന് ബി.സി.സി.ഐ അനുമതി നൽകുന്നത്. ജലജ് സക്സേന, എൻ.പി. ബേസിൽ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വർ, വിഷ്ണുരാജ് എന്നിവരാണ് കേരള ടീമംഗങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇരുടീമുകളും നെറ്റ് പ്രാക്ടീസ് നടത്തും. 2018-19 സീസണിൽ സെമി ഫൈനലിലെത്തിയതാണ് കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ൽ ക്വാർട്ടറിലെത്തിയിരുന്നു.
ഗ്രൗണ്ടിന് രാജ്യാന്തര നിലവാരം
2008 മുതൽ എസ്.ഡി കോളജ് ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) പരിപാലിക്കുന്നത്. ഈ വർഷം വീണ്ടും കരാർ പുതുക്കി. ഇനി 18 വർഷംകൂടി കെ.സി.എക്കായിരിക്കും ഗ്രൗണ്ടിന്റെ മേൽനോട്ടം. കെ.സി.എ രാജ്യാന്തരനിലവാരമുള്ള പിച്ചും ഔട്ട്ഫീൽഡുമാണ് ഒരുക്കിയിട്ടുള്ളത്. ഒമ്പത് പിച്ചുകളുണ്ട്. ബൗണ്ടറികളിലേക്ക് ശരാശരി 70 മീ. ദൂരമാണുള്ളത്. ബാറ്റർക്കും ബൗളർക്കും മികവ് പുറത്തെടുക്കാൻ കഴിയുന്ന വിധത്തിലാണ് പിച്ചുകളുടെ നിർമാണം. ബർമുഡ പുല്ലാണ് ഗ്രൗണ്ടിൽ നട്ടുവളർത്തിയത്. 19 വയസ്സിൽ താഴെയുള്ളവരുടെ കൂച്ച് ബിഹാർ ട്രോഫി മത്സരങ്ങൾ, പിങ്ക്-ക്ലബ് ടൂർണമെന്റുകൾ എന്നിവ നടന്നിട്ടുണ്ട്. സൂപ്പർ സോപ്പറടക്കം (മഴ പെയ്താൽ ഗ്രൗണ്ടിലെ വെള്ളം ഒപ്പിയെടുക്കുന്ന യന്ത്രം) എല്ലാവിധ ആധുനികസൗകര്യങ്ങളും മൈതാനത്തുണ്ട്. എം. മുഹമ്മദ് റാഫി, നിഖിൽ എ. പട്വർധൻ എന്നിവരാണ് അമ്പയർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.