രഞ്ജി ട്രോഫി ഫൈനൽ: മധ്യപ്രദേശ് ലീഡിനരികെ; കിരീടത്തിനും
text_fieldsയാഷ് ദുബെക്കും ശുഭം ശർമക്കും സെഞ്ച്വറി; മുംബൈയുടെ 374നെതിരെ മധ്യപ്രദേശ് മൂന്നിന് 368
ബംഗളൂരു: മധ്യപ്രദേശിനും രഞ്ജി ട്രോഫിയിലെ കന്നി കിരീടത്തിനുമിടയിൽ അകലം കുറയുന്നു. 41 തവണ ചാമ്പ്യന്മാരായ റെക്കോഡുള്ള മുംബൈക്കെതിരായ ഫൈനലിൽ നിർണായകമായ ഒന്നാമിന്നിങ്സ് ലീഡിന്റെ വക്കിലാണ് മധ്യപ്രദേശ്. 374 റൺസിന് പുറത്തായ മുംബൈക്കെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റിന് 368 എന്ന കരുത്തുറ്റ നിലയിലാണ് മധ്യപ്രദേശ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഒന്നാമിന്നിങ്സ് ലീഡിന് ആറു റൺസ് മാത്രമകലെയാണവർ. കളി സമനിലയിലാവുകയാണെങ്കിൽ ഒന്നാമിന്നിങ്സ് ലീഡാണ് ജേതാക്കളെ നിശ്ചയിക്കുക. രണ്ടു ദിനംകൂടി ശേഷിക്കുന്നുണ്ടെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ അവസാനിക്കാനാണ് സാധ്യത.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ സെഞ്ച്വറികളുമായി കളം വാണ യാഷ് ദുബെയും (133) ശുഭം ശർമയും (116) ആണ് മധ്യപ്രദേശിന്റെ തിരിച്ചടിക്ക് നേതൃത്വം നൽകിയത്. രണ്ടാം വിക്കറ്റിന് വലങ്കയ്യൻ ബാറ്റർമാരായ ഇരുവരും 222 റൺസ് അടിച്ചുകൂട്ടിയതോടെ മുംബൈ തളർന്നു. പുറത്താവാതെ 67 റൺസടിച്ച രജത് പാട്ടീദാറിന്റെ ഇന്നിങ്സും മധ്യപ്രദേശിന് കരുത്തായി. 11 റൺസുമായി ആദിത്യ ശ്രീവാസ്തവയാണ് പാട്ടീദാറിനൊപ്പം ക്രീസിൽ.
336 പന്തിൽ 14 ബൗണ്ടറിയടക്കമാണ് യാഷ് ദുബെ 133 റൺസെടുത്തത്. 28കാരനായ ശുഭം ശർമയുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ആറാം സെഞ്ച്വറിയാണിത്. 23കാരനായ യാഷ് ദുബെയുടെ രണ്ടാം ശതകവും. ശുഭം ശർമയുടെ 116 റൺസ് 215 പന്തിൽ ഒരു സിക്സും 15 ഫോറുമടങ്ങിയതായിരുന്നു. 106 പന്തിൽനിന്ന് 13 ഫോറടക്കമാണ് പാട്ടീദാർ 67ലെത്തിയത്. മുംബൈക്കായി തുഷാർ ദേശ്പാണ്ഡെ, ശംസ് മുലാനി, മോഹിത് അവസ്തി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.