വിദർഭയെ തകർച്ചയിൽനിന്ന് കരകയറ്റി ഡാനിഷും കരുണും; ആദ്യദിനം വീണത് നാല് വിക്കറ്റ്
text_fieldsനാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിന്‍റെ ആദ്യദിനം ബാറ്റിങ് തകർച്ച നേരിട്ട വിദർഭയെ കരകയറ്റി ഡാനിഷ് മലേവറും കരുൺ നായരും. ഒരുഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലായരുന്ന വിദർഭയെ, ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് കരകയറ്റിയത്. 68 ഓവറോളം ബാറ്റുചെയ്ത സഖ്യം 215 റൺസാണ് വിദർഭയുടെ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ നാലിന് 254 എന്ന ശക്തമായ നിലയിലാണ് വിദർഭ. സെഞ്ച്വറി നേടിയ ഡാനിഷ് മലേവറും (138*) അഞ്ച് റൺസുമായി യഷ് ഠാക്കൂറുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. 24 റൺസെടുക്കുന്നതിനിടെ കരുത്തരായ വിദർഭയുടെ മൂന്നു മുൻനിര വിക്കറ്റുകൾ വീണു. ഓപ്പണർമാരായ പാർഥ് രേഖഡെ (0), ധ്രുവ് ഷോറെ (35 പന്തിൽ 16), സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ (21 പന്തിൽ ഒന്ന്) എന്നിവരാണ് തുടക്കത്തിൽ പുറത്തായത്. രേഖഡെ, നൽകാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ യുവ പേസർ ഏദൻ ആപ്പിളുമാണ് പുറത്താക്കിയത്.
നാലാം വിക്കറ്റിലൊന്നിച്ച ഡാനിഷും കരുണും പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തതോടെ വിദർഭ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ക്ഷമയോടെ കരുൺ നായർ, വ്യക്തിഗത സ്കോർ 86ൽ നിൽക്കേ റണ്ണൗട്ടായത് ആതിഥേയർക്ക് ക്ഷീണമായി. 188 പന്തുകൾ നേരിട്ട താരം ഒരു സിക്സും എട്ട് ഫോറും സഹിതമാണ് 86 റൺസ് നേടിയത്. അപരാജിത സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ഡാനിഷ് മലേവറിൽ പ്രതീക്ഷയർപ്പിച്ചാകും രണ്ടാംദിനം വിദർഭയിറങ്ങുക. 259 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും 14 ഫോറും സഹിതം 138 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.
നാഗ്പുർ വി.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ബാറ്റർ വരുൺ നായനാരെ ഒഴിവാക്കി യുവ പേസർ ഏദൻ ആപ്പിൾ ടോമിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബൗളറെ കൂടി കേരളം ടീമിലുൾപ്പെടുത്തിയത്. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണക്കും. രണ്ടാംദിനം തുടക്കത്തിലേ കൂടുതൽ വിക്കറ്റുകൾ നേടി മത്സരം വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെയാകും കേരളം മൈതാനത്തിറങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.