രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsറായ്പൂർ: രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് 38 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 350 റൺസെടുത്ത കേരളത്തിനെതിരെ വിക്കറ്റ് കീപ്പർ-ബാറ്റർ ഏക്നാഥ് കേർകർ നേടിയ അപരാജിത സെഞ്ച്വറിയും സഞ്ജീത്ത് ദേശായിയുടെയും അജയ് മണ്ഡലിന്റെയും അർധസെഞ്ച്വറികളും ആതിഥേയരെ 312ലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലാണ്. 36 റൺസെടുത്ത രോഹൻ കുന്നുമ്മലും 17 റൺസെടുത്ത രോഹൻ പ്രേമുമാണ് പുറത്തായത്. ആറ് റൺസുമായി സചിൻ ബേബിയും നാല് റൺസുമായി വിഷ്ണു വിനോദുമാണ് ക്രീസിൽ. രവി കിരൺ, ആശിഷ് ചൗഹാൻ എന്നിവരാണ് ഛത്തിസ്ഗഢിനായി വിക്കറ്റുകൾ നേടിയത്.
മികച്ച ഒന്നാം ഇന്നിങ്സ് സ്കോറുമായി ഫീൽഡിങ്ങിനിറങ്ങിയ കേരളം ആതിഥേയരുടെ ഓപണിങ് ബാറ്റർമാരായ ശശാങ്ക് ചന്ദ്രകാറിനെയും (8), റിഷബ് തിവാരിയെയും (7) വേഗത്തിൽ മടക്കിയെങ്കിലും ഏക്നാഥ് കേർകർ (പുറത്താകാതെ 118) അജയ് മണ്ഡൽ (63) സഞ്ജീത്ത് ദേശായി (56) എന്നിവർ ചേർന്ന് സ്കോർ 300 കടത്തുകയായിരുന്നു. ശശാങ്ക് സിങ് 18 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ അമൻദീപ് ഖരെ, രവി കിരൺ, സൗരഭ് മജൂംദാർ, ആശിഷ് ചൗഹാൻ എന്നിവർ റൺസെടുക്കാതെ മടങ്ങി.
കേരളത്തിനായി എം.ഡി നിധീഷ്, ജലജ് സക്സേന എന്നിവർ മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ടും അഖിൻ സത്താർ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.