രഞ്ജി: മൂന്നാം ദിനം ശക്തമായി തിരിച്ചടിച്ച് ഗുജറാത്ത്, 1ന് 222
text_fieldsഅഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായി തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
117 റൺസെടുത്ത പ്രിയങ്ക് പാഞ്ചാലും 30 റൺസുമായി മനാൻ ഹിൻഗ്രാജിയയുമാണ് ക്രീസിൽ. 73 റൺസെടുത്ത ആര്യ ദേശായിയാണ് പുറത്തായത്.
200 പന്തുകളിൽ നിന്ന് 13 ഫോറും ഒരു സിക്സും സഹിതമാണ് പ്രിയങ്ക് 117 റൺസെടുത്തത്. എൻ.ബേസിലാണ് കേരളത്തിന്റെ ഏക വിക്കറ്റെടുത്തത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 റൺസിന് മറുപടിയായി മൂന്നാം ദിനം കളി തുടങ്ങിയ ഗുജറാത്തിന് 235 റൺസ് കൂടിയെടുത്താൻ കേരളത്തിന് മേൽ ലീഡെടുക്കാനാകും.
ഏഴിന് 418 എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ കേരളം 457 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 177 റൺസ് നേടി അജയ്യനായി നിന്ന കാസർഗോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിനെ മികച്ച ടോട്ടലിൽ എത്തിച്ചത്.
341 പന്തുകൾ ചെറുത്ത് നിന്ന അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്സറുമടിച്ചാണ് 177 റൺസ് സ്വന്തമാക്കിയത്. ഗുജറാത്ത് ബൗളർമാർക്കൊന്നും അദ്ദേഹം പുറത്താക്കാൻ സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ അസഹ്ർ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ച് നിൽക്കുകയായിരുന്നു. ആദ്യം നായകൻ സച്ചിൻ ബേബിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയ അസ്ഹർ പിന്നീടെത്തിയ സൽമാൻ നിസാറുമൊത്ത് കേരളത്തെ വമ്പൻ സ്കോറിലേക്ക് നയിച്ചു.
വാലറ്റ നിരയിൽ അഹ്മദ് ഇമ്രാൻ (24), ആദിത്യ സർവാതെ (11), എം.ഡി നിഥീഷ് (5) എന്നിവരെ കൂട്ടുനിർത്തിയും അസ്ഹർ പൊരുതി. ഒരു റൺ നേടിയ നെടുമൻകുഴി ബേസിലാണ് അവസാനമായി പുറത്തായ ബാറ്റർ. മികച്ച തുടക്കമായിരുന്നു കേരളത്തിന് ആദ്യ ദിനം ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും റോഹൻ കുന്നുമ്മലും നൽകിയത്. ആദ്യ 20 ഓവർവരെ ക്രീസിൽ ഒരുമിച്ച ഇരുവരും മുപ്പത് റൺസ് വീതം സ്വന്തമാക്കി.
പിന്നീട് ടീമിന്‍റെ ഭാരം തോളിലേറ്റിയ നായകൻ സച്ചിൻ ബേബി 195 പന്തുകളിൽ 69 റൺസ് അടിച്ചെടുത്തു. ഇതിനിടെ അരങ്ങേറ്റതാരം വരുൺ നായനാർ പത്ത് റൺസിന് പുറത്തായിരുന്നു. എങ്കിലും 55 പന്തുകൾ നേരിട്ടു. സൽമാൻ നിസാറും അസ്ഹറുദ്ദീനും ചേർന്ന് ആറാംവിക്കറ്റിൽ 149 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 355-ലെത്തുമ്പോൾ സൽമാൻ വീണു 202 പന്തുകൾ കളിച്ച സൽമാൻ 52 റൺസ് നേടി. ജലജ് സക്സേന (30) റൺസ് നേടി. ഗുജറാത്തിനായി അർസൻ നഗ്വാസ്വല്ല 81 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ചിന്തൻ ഗജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. രവി ബിഷ്ണോയ്, പ്രിയജിത്സിങ് ജഡേജ, വിശാൽ ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
കരകയറി വിദർഭ; മുംബൈക്കെതിരെ 260 റൺസ് ലീഡ്
നാഗ്പൂർ: രഞ്ജിട്രോഫിയിൽ മുംബൈയും വിദർഭയും തമ്മിലുള്ള സെമിഫൈനൽ ആവേശകരമായി നാലാം ദിവസത്തിലേക്ക്. 113 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി വിദർഭ രണ്ടാം ഇന്നിങ്ങ്സിൽ നാലിന് 147 എന്നനിലയിലാണ്.
നാലിന് 56 എന്ന നിലയിൽ തകർന്ന ശേഷം യാഷ് റാത്തോഡും (59) അക്ഷയ് വഡ്കറും (31) 91 റൺസിന്റെ അജയ്യമായ കൂട്ടുകെട്ടുമായി വിദർഭയെ കരകയറ്റുകയായിരുന്നു. വിദർഭ താരം കരുൺ നായർ ആറ് റൺസിന് പുറത്തായി. വിദർഭ ഒന്നാം ഇന്നിങ്സിൽ 383 റൺസ് നേടിയിരുന്നു. ഏഴിന് 188 എന്നനിലയിൽ മൂന്നാം ദിനം തുടങ്ങിയ മുംബൈ 270 റൺസ് നേടി. ആകാശ് ആനന്ദ് 106 റൺസടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.