രഞ്ജി ട്രോഫി: കേരളത്തിന് കനത്ത തോല്‍വി
text_fieldsതിരുവനന്തപുരം: ആദ്യ ഇന്നിങ്സിന്റെ തനിയാവർത്തനം പോലെ വിക്കറ്റുകൾ വലിച്ചെറിയുകയും ബൗളിങ്ങിൽ താളം നഷ്ടപ്പെടുകയും ചെയ്ത കേരളത്തെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഗോവ രഞ്ജി ട്രോഫിയിൽ ആദ്യജയം നേടി. കളിമറന്ന കേരളത്തെ അനായാസമായാണ് സന്ദർശകർ പരാജയപ്പെടുത്തിയത്.
ആദ്യ തോൽവിയോടെ എലൈറ്റ് സി ഗ്രൂപ്പിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു മത്സരത്തിൽ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയന്റോടെ കർണാടകയാണ് മുന്നിൽ. നാല് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയും സമനിലയുമായി 13 പോയന്റാണ് കേരളത്തിന്.
14 പോയന്റുള്ള രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. കളിച്ച മൂന്ന് മത്സരങ്ങളിലും സമനില മാത്രമുണ്ടായിരുന്ന ഗോവ ആദ്യജയത്തോടെ 11 പോയന്റിലെത്തി. കരുത്തരായ കർണാടക, സർവിസസ്, പുതുച്ചേരി എന്നിവർക്കെതിരെയാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.
ആദ്യ ഇന്നിങ്സില്‍ 46 റണ്‍സ് ലീഡ് നേടിയ ഗോവ രണ്ടാം ഇന്നിങ്സിൽ കേരളത്തെ 200 റണ്‍സിന് പുറത്താക്കിയാണ് മത്സരത്തിന്റെ കടിഞ്ഞാൺ പിടിച്ചെടുത്തത്. ആറിന് 172 എന്ന സ്കോറിൽ നാലാം ദിനം ആരംഭിച്ച കേരളത്തിന് കൂടുതൽ നേരം പിടിച്ച് നിൽക്കാനായില്ല. 28 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാലു വിക്കറ്റും നഷ്ടപ്പെട്ടു. സ്കോര്‍ 179 ൽ നിൽക്കെ 34 റൺസ് നേടിയ ജലജ് സക്സേന മടങ്ങി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രോഹന് പ്രേമും (70) മൂന്ന് റണ്‍സുമായി വൈശാഖ് ചന്ദ്രനും റണ്‍സൊന്നുമെടുക്കാതെ ബേസില്‍ തമ്പിയും ഡ്രസിങ് റൂമിലേക്ക് മടങ്ങിയതോടെ കേരളത്തിന്റെ പതനം 200 റണ്‍സിന് പൂർത്തിയായി. 22 ഓവറിൽ 73 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ മോഹിത് റേഡ്കറാണ് കേരളത്തിന്റെ അന്തകനായത്.
155 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗോവ ഓപണർ ഇഷാന് ഗഡേക്കറുടെ ബാറ്റിങ് മികവിൽ അനായാസേന വിജയം നേടി. 136 പന്ത് നേരിട്ട ഇഷാന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 67 റണ്‍സുമായി പുറത്താകാതെയാണ് ഗോവയുടെ കപ്പിത്താനായത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഇഷാനാണ് മാൻ ഓഫ് ദ മാച്ച്.
എസ്.ഡി ലാഡ് 33 റണ്‍സ് നേടി ഗഡേക്കര്ക്ക് പിന്തുണ നൽകി. അമോഗ് ദേശായി (23), സൂയഷ് എസ്. പ്രഭുദേശായി (14), സ്നേഹല്‍ കൗത്തുംഗര് (13) എന്നിവരുടെ വിക്കറ്റുകളാണ് ഗോവക്ക് നഷ്ടമായത്.
ഈമാസം 10 മുതൽ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ സർവിസസിന് എതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.