രഞ്ജിട്രോഫി: സച്ചിൻ കാത്തു; കേരളം - കർണാടക മത്സരം സമനിലയിൽ
text_fieldsതിരുവനന്തപുരം: സച്ചിൻ ബേബി (109 പന്തിൽ 37 റൺസ് ) ഒരിക്കൽ കൂടി രക്ഷകനായപ്പോൾ ശക്തരായ കർണാടകക്കെതിരെ രഞ്ജിട്രോഫിയിൽ കേരളം സമനില പിടിച്ചു. സമനിലയിലൂടെ കർണാടക ഗ്രൂപ് ചാമ്പ്യൻ സ്ഥാനം നിലനിർത്തി ക്വാർട്ടർ ഉറപ്പിച്ചപ്പോൾ കേരളത്തിന്റെ സാധ്യത പരുങ്ങലിലായി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതിനെ തുടർന്ന് മൂന്ന് പോയന്റ് ലഭിച്ച കർണാടക 29 പോയന്റുമായാണ് എലൈറ്റ് സി ഗ്രൂപ്പിൽ ഒന്നാമതെത്തി ക്വാർട്ടർ ഉറപ്പിച്ചത്. ഈ മസതരത്തിൽ ഒരു പോയന്റ് ലഭിച്ചെങ്കിലും 20 പോയന്റോടെ കേരളം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതുച്ചേരിയുമായുള്ള അവസാന മത്സരത്തിൽ വമ്പൻ ജയം നേടിയാലും ക്വാർട്ടർ സാധ്യത സംശയത്തിലാണ്. 23 പോയന്റുമായി ഝാർഖണ്ഡാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. 20 പോയന്റുള്ള രാജസ്ഥാൻ റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തുണ്ട്.
ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയിലൂടെ ഇന്നിങ്സ് പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയപ്പോഴാണ് ഒരുവശത്ത് മതിൽ പോലെ നിന്ന് സച്ചിൻ ബേബി മത്സരം സമനിലയിലാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 342 പിന്തുടർന്ന് അവസാനദിവസം ആറിന് 410 എന്ന സ്കോറിൽ കളി ആരംഭിച്ച കർണാടക ഒമ്പതിന് 485ന് ഡിക്ലയർ ചെയ്തു. അർധസെഞ്ച്വറി നേടിയ ബി.ആർ. ശരത്തിന്റെയും (53) ശുഭംഗ് ഹെഗ്ഡെയുടെയും (50) ബാറ്റിങ് മികവാണ് സന്ദർശകരെ മികച്ച സ്കോറിൽ എത്തിച്ചത്.
കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ മൂന്നും നിധീഷ്, ജലജ് സക്സേന എന്നിവർ രണ്ട് വീതവും അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും തേടി. രണ്ടാം ഇന്നിങ്സിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ റണ്ണൊന്നും എടുക്കും മുമ്പ് ഓപണർ രോഹൻ കുന്നുമ്മലിനെ മടക്കി വി.ബി. വൈശാഖ് കർണാടകക്ക് പ്രതീക്ഷ നൽകി. 26 റൺസിലെത്തിയപ്പോൾ 15 റൺസെടുത്ത പി. രാഹുലും 31 ലെത്തിയപ്പോൾ 14 റൺസെടുത്ത രോഹൻ പ്രേമും മടങ്ങിയതോടെ കേരളം ഇന്നിങ്സ് തോൽവിയിലേക്ക് പോകുമെന്ന ആശങ്കയുണ്ടായി. എന്നാൽ വത്സലുമായി ചേർന്ന് സച്ചിൻ ബേബി കർണാടക ബൗളർമാരെ പ്രതിരോധിച്ചു. 26 റൺസുമായി പുറത്തായ വത്സലുമായി ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് സച്ചിനുയർത്തിയത്. സൽമാൻ നിസാറിനെ കൂടെ നിർത്തി നാലിന് 96 എന്ന നിലയിൽ കേരളത്തെ എത്തിച്ചാണ് സച്ചിൻ മത്സരം സമനിലയിലാക്കിയത്. ആദ്യ ഇന്നിങ്സിൽ സച്ചിൻ ബേബി സെഞ്ച്വറിയോടെയാണ് കേരളത്തെ രക്ഷിച്ചത്. ഇരട്ട സെഞ്ച്വറി നേട്ടം കൈവരിച്ച കർണാടകത്തിന്റെ ക്യാപ്റ്റൻ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.