രഞ്ജി ട്രോഫി: കേരളം 342, കർണാടക 137/2
text_fieldsതിരുവനന്തപുരം: ക്യാപ്റ്റനും ഇന്ത്യൻ താരവുമായ മായങ്ക് അഗർവാളിന്‍റെ ബാറ്റിങ് മികവിൽ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ലീഡ് നേടാൻ കർണാടക കിണഞ്ഞ പരിശ്രമത്തിൽ. സെഞ്ച്വറി നേട്ടം കൈവരിച്ച സചിൻ ബേബിയുടെയും (141), അർധ സെഞ്ച്വറി നേടിയ ഓൾറൗണ്ടർ ജലജ് സക്സേനയുടെയും (57) മികച്ച പ്രകടനത്തിൽ കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് സ്കോറായ 342 റൺസ് പിന്തുടരുന്ന കർണാടക രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 49 ഓവറിൽ രണ്ടിന് 137 എന്നനിലയിലാണ്. 87 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് മായങ്ക് അഗർവാൾ.
ആറിന് 224 നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ സ്കോർ 262ലെത്തിയപ്പോൾ 141 റൺസെടുത്ത സചിൻ ബേബിയെ നഷ്ടമായി. ശ്രേയസ് ഗോപാലിന്‍റെ പന്തിൽ മനീഷ് പാണ്ഡെയുടെ കൈകളിലേക്ക് പന്തടിച്ച് നൽകിയായിരുന്നു മടക്കം. എന്നാൽ, മറുവശത്ത് ജലജ് സക്സേന അർധ സെഞ്ച്വറി തികച്ചു. സ്കോർ 299ലെത്തിയപ്പോൾ ജലജും പുറത്തായി.
പിന്നീട് 24 റൺസെടുത്ത ക്യാപ്റ്റൻ സിജോ മോൻ ജോസഫും 22 റൺസെടുത്ത എം.ഡി. നിധീഷും കേരളത്തെ 342 എന്ന മാന്യമായ സ്കോറിലെത്തിച്ചു. 12 റൺസെടുത്ത വൈശാഖ് ചന്ദ്രൻ പുറത്താകാതെനിന്നു. 22.1 ഓവർ പന്തെറിഞ്ഞ് 54 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ പിഴുത വി. കൗശിക്കാണ് കേരളത്തിനെ തകർക്കാൻ ചുക്കാൻപിടിച്ചത്.
കർണാടകക്ക് ആദ്യ ഓവറിൽതന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. നേരിട്ട നാലാമത്തെ പന്തിൽ റൺസ് നേടുംമുമ്പ് ആർ. സമർഥിനെ ക്ലീൻബൗൾഡാക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് പ്രതീക്ഷ നൽകി.
എന്നാൽ, മായങ്ക് അഗർവാൾ മറുവശത്ത് മതിൽ തീർത്തു. മറ്റൊരു ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലുമായി ചേർന്ന് അദ്ദേഹം കർണാടകയുടെ സ്കോർ മുന്നോട്ടുനീക്കി. 89 റൺസ് കൂട്ടുകെട്ടിലൂടെ സ്കോർ 91ലെത്തിച്ചു. എന്നാൽ, 29 റൺസ് നേടിയ പടിക്കലിനെ ക്ലീൻബൗൾഡാക്കി നിധീഷ് രണ്ടാംവിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.