രഞ്ജി ട്രോഫി: തകർത്തടിച്ച് കേരളം, എട്ടിന് 454
text_fieldsരാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് 'എ' ഗ്രൂപ്പിൽ മേഘാലയക്കെതിരെ കേരളം വൻ ലീഡിലേക്ക്. രോഹൻ കുന്നുമ്മലിനു പിന്നാലെ സഹഓപണർ പി. രാഹുലും (147) ശതകം നേടിയതോടെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഒന്നാമിന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 454 റൺസെടുത്തു. വത്സൽ ഗോവിന്ദിന്റെയും (പുറത്താവാതെ 76) ക്യാപ്റ്റൻ സചിൻ ബേബിയുടെയും (56) ഇന്നിങ്സുകളും കേരളത്തിന് കരുത്തു പകർന്നു. 306 റൺസ് മുന്നിലാണ് കേരളം.
കഴിഞ്ഞദിവസം 91 റൺസുമായി ക്രീസിലുണ്ടായിരുന്ന രാഹുൽ 239 പന്തിൽ ഒരു സിക്സും 17 ഫോറുമടക്കമാണ് 147ൽ എത്തിയത്. ജലജ് സക്സേന (10) പെട്ടെന്ന് മടങ്ങിയെങ്കിലും സചിൻ ബേബിയെ കൂട്ടുപിടിച്ച് രാഹുൽ ഇന്നിങ്സ് മുന്നോട്ടുനയിച്ചു.
ബേബിയും അധികം വൈകാതെ രാഹുലും പിറകെ വിഷ്ണു വിനോദും (4) പുറത്തായെങ്കിലും വത്സൽ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. സിജോമോൻ ജോസഫിനെയും (21) മനുകൃഷ്ണനെയും (11) കൂട്ടുപിടിച്ച് വത്സൽ ലീഡുയർത്തി. സിജോമോനും മനുകൃഷ്ണനും മടങ്ങിയശേഷം ബേസിൽ തമ്പിയും (8) വത്സലിന് കൂട്ടുനൽകി.
ഒരു ട്രിപ്ൾ; രണ്ടു ഡബ്ൾ
കൊൽക്കത്ത/അഹ്മദാബാദ്: രഞ്ജി ട്രോഫിയുടെ രണ്ടാം ദിനം ട്രിപ്ൾ സെഞ്ച്വറിയും ഡബ്ൾ സെഞ്ച്വറികളും പിറന്നു. പ്ലേറ്റ് ഗ്രൂപ്പിൽ മിസോറമിനെതിരായ കളിയിൽ ബിഹാറിന്റെ ശാകിബുൽ ഗനിയാണ് (341) ട്രിപ്ൾ സെഞ്ച്വറിയടിച്ചത്. ഇതേ കളിയിൽ ബിഹാറിന്റെ ബാബുൽ കുമാർ (229*) ഇരട്ട സെഞ്ച്വറിയും കുറിച്ചു. എലീറ്റ് ഗ്രൂപ് 'ഡി'യിൽ സൗരാഷ്ട്രക്കെതിരെ മുംബൈയുടെ സർഫറാസ് ഖാൻ (275) ആണ് ഡബ്ൾ സെഞ്ച്വറി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.