രഞ്ജി ട്രോഫി: കേരളം 167ന് പുറത്ത്, ഒന്നാം ഇന്നിങ്സിൽ ഏഴ് റൺസിന്റെ ലീഡ്
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 167ൽ അവസാനിച്ചു. ഏഴ് റൺസിന്റെ ലീഡാണ് കേരളം നേടിയത്. 36 റൺസ് നേടിയ സൽമാൻ നിസാറാണ് കേരളത്തിന്റെ ടോപ് സ്കോറർ. മുഹമ്മദ് അസ്ഹറുദ്ദീൻ (34), രോഹൻ കുന്നുമ്മൽ (25), അക്ഷയ് ചന്ദ്രൻ (22), ആദിത്യ സർവാതെ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. മൂന്ന് വീതം വിക്കറ്റുകൾ പിഴുത ആര്യൻ പാണ്ഡെയും ആവേശ് ഖാനുമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്.
ഓപണർമാരായ അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് നൽകിയ ഭേദപ്പെട്ട തുടക്കം മുതലാക്കാനാകാതെയാണ് കേരളം ചെറിയ സ്കോറിലൊതുങ്ങിയത്. ഒന്നാം വിക്കറ്റിൽ 54 റൺസ് നേടാനായെങ്കിലും, രണ്ടാം ദിനം തുടക്കം മുതൽ വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഷോൺ റോജർ (ഒന്ന്), ക്യാപ്റ്റൻ സച്ചിൻ ബേബി (രണ്ട്), ജലജ് സക്സേന (ഒമ്പത്) എന്നിവർ പാടെ നിരാശപ്പെടുത്തി. ബേസിൽ തമ്പി ഒറ്റ റണ്ണുമായി പുറത്തായപ്പോൾ, ഏഴ് റൺസെടുത്ത ബാബ അപരാജിത് റിട്ടയേഡ് ഔട്ടായി.
നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടന മികവിലാണ് കേരളം മധ്യപ്രദേശിലെ ആദ്യ ഇന്നിങ്സിൽ 160ൽ ഒതുക്കിയത്. രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻ നിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. ഓപണർ ഹർഷ് ഗാവ്‍ലിയെയും രജത് പട്ടീദാറിനെയും ഒരേ ഓവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്‍ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്തു. ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ചുനിന്ന ശുഭം ശർമയാണ് വലിയ തകർച്ചയിൽനിന്ന് മധ്യപ്രദേശിനെ കരകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമയാണ് ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ 42 റൺസെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസിൽ എൻ.പിയും ആദിത്യ സർവതെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.