രഞ്ജി ട്രോഫി; കേരളം പുറത്ത്
text_fieldsപുതുച്ചേരി: ദുർബലരായ പോണ്ടിച്ചേരിയുമായി സമനിലയിൽ പിരിഞ്ഞ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്വാർട്ടർ ഫൈനലിലെത്താനുള്ള അവസരം തുലച്ചു. ഏഴു മത്സരങ്ങളിൽനിന്ന് 21 പോയൻറുമായി എലൈറ്റ് ഗ്രൂപ് സിയിൽ കേരളം മൂന്നാം സ്ഥാനത്തിലൊതുങ്ങി. 23 പോയന്റുള്ള ഝാർഖണ്ഡും 35 പോയന്റുമായി കർണാടകയും ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലെത്തി.
പോണ്ടിച്ചേരിക്കെതിരെ ഒന്നാമിന്നിങ്സ് ലീഡ് നേടിയാൽപോലും കേരളത്തിന് സാധ്യത ഏറെയായിരുന്നു. പോണ്ടിച്ചേരി ഒന്നാമിന്നിങ്സിൽ പരസ് ദോഗ്രയുടെ സെഞ്ച്വറി മികവിൽ 371 റൺസെടുത്തിരുന്നു. 286 റൺസുമായി കേരളം ലീഡ് വഴങ്ങി.
അവസാന ദിനം രണ്ടാമിന്നിങ്സിൽ പോണ്ടിച്ചേരി അഞ്ചിന് 279 എന്ന നിലയിലായിരുന്നു. പോയൻറ് നിലയിൽ അവസാന സ്ഥാനത്തുള്ള പോണ്ടിച്ചേരിയാണ് താരതമ്യേന കരുത്തരായ കേരളത്തെ നാണംകെടുത്തിയത്.
ഝാർഖണ്ഡിനെ തോൽപിച്ച് സി ഗ്രൂപ്പിൽ പോരാട്ടം തുടങ്ങിയ കേരളം ഗോവയോട് അപ്രതീക്ഷിതമായി തോറ്റതാണ് പ്രയാണത്തിൽ തിരിച്ചടിയായത്. സർവിസസിനെയും ഛത്തിസ്ഗഢിനെയും ടീം കീഴടക്കിയിരുന്നു. രാജസ്ഥാനും കർണാടകയുമായി സമനിലയിൽ പിരിഞ്ഞു.
50 ഇരകളെ വീഴ്ത്തിയ ജലജ് സക്സേന വിക്കറ്റ് വേട്ടയിൽ ഒന്നാമതായത് കേരളത്തിന് ആശ്വാസമായി. റൺവേട്ടയിൽ 830 റൺസുമായി സചിൻ ബേബി രണ്ടാമതുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.