രഞ്ജി ട്രോഫി: ബംഗാളിനെ എറിഞ്ഞു വിറപ്പിച്ച് കേരളം
text_fieldsതിരുവനന്തപുരം: ജലജ് സക്സേന എന്ന കേരളത്തിന്റെ തുറുപ്പുചീട്ട് ഒരിക്കൽക്കൂടി തുമ്പയിൽ സക്സസായി! അതിഥികളെന്ന പരിഗണന ഇത്തവണ കേരളം മാറ്റിവെച്ചപ്പോൾ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാംദിനം ബംഗാളുകാർ തകർന്നടിഞ്ഞു. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 363 റണ്‍സ് പിന്തുടർന്ന ബംഗാള്‍ ശനിയാഴ്ച സ്റ്റമ്പെടുത്തപ്പോള്‍ 49 ഓവറില്‍ 172/8 എന്ന നിലയിലാണ്. രണ്ടുവിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ വംഗനാട്ടുകാർക്ക് 191 റൺസ് കൂടിവേണം. 20 ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഓൾ റൗണ്ടർ സക്സേനയുടെ തകർപ്പൻ ബൗളിങ് പ്രകടനമാണ് കേരളത്തിന് മേൽക്കൈ സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിങ്സില്‍ 127.3 ഓവറില്‍ 363 റണ്‍സില്‍ എല്ലാവരും പുറത്തായി. 265ന് 4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് 98 റണ്‍സ് കൂടി കൂട്ടി ചേര്‍ക്കാനായുള്ളൂ. 261 പന്തില്‍ 124 റണ്‍സെടുത്ത സച്ചിന് ബേബിയുടെ വിക്കറ്റാണ് ശനിയാഴ്ച ആദ്യം നഷ്ടമായത്. സച്ചിന് ബേബി- അക്ഷയ് ചന്ദ്രന് സഖ്യം അഞ്ചാം വിക്കറ്റില്‍ 330 പന്തുകളില്‍ 179 റണ്‍സ് ചേര്‍ത്തത് കരുത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് (13), ശ്രേയസ് ഗോപാല്‍ (രണ്ട്) എന്നിവര്‍ വന്നപോലെ മടങ്ങി.
എന്നാല്‍, ഒരറ്റത്ത് ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് അക്ഷയ് ചന്ദ്രന് സെഞ്ച്വറി പൂർത്തിയാക്കി. 222 പന്തില്‍ 106 റണ്‍സുമായി അക്ഷയ് എട്ടാമനായാണ് പുറത്തായത്. ശേഷം വാലറ്റത്ത് ബേസില്‍ തമ്പിയും (20), എൻ.പി. ബേസിലും 16) നടത്തിയ പോരാട്ടമാണ് സ്കോർ 369ലേക്ക് എത്തിച്ചത്. മൂന്നു റണ്‍സുമായി എം.ഡി. നിധീഷ് പുറത്താവാതെ നിന്നു. ബംഗാളിനായി ഇന്ത്യൻ താരം ഷഹബാദ് അഹമ്മദ് നാല് വിക്കറ്റ് നേടി. അങ്കിത് മിശ്ര മൂന്നും സുരാജ് സിന്ധു ജയ്സ്വാളും ആകാശ് ദീപും കരണ്‍ ലാലും ഓരോ വിക്കറ്റും വീഴ്ത്തി.
ബംഗാളിനായി ബാറ്റെടുത്ത അഭിമന്യു ഈശ്വരന് (72) ഒഴികെ ആർക്കും ജലജ് സക്സേനയുടെ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. കരണ്‍ ലാലും (27), സുരാജ് സിന്ധു ജയ്സ്വാളുമാണ് (ഒമ്പത്) ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.