രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം; ഓപണർമാർ പുറത്ത്
text_fieldsഅഹ്മദാബാദ്: രഞ്ജി ട്രോഫി ഒന്നാം സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ബാറ്റ് ചെയ്യുന്നു. സ്കോർ ബോർഡിൽ 63 റൺസ് ചേർക്കുന്നതിനിടെ ഓപണർമാർ പുറത്തായി. 30 വീതം റൺസെയുത്ത് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലുമാണ് പുറത്തായത്. ഓപണിങ് വിക്കറ്റിൽ ഇരുവരും 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് തുടരെ പുറത്തായത്. അക്ഷയ് റണ്ണൗട്ടായപ്പോൾ, രോഹനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുടുക്കി. വരുൺ നായനാരും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. 27 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ് കേരളം.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവതാരം ഷോൺ റോജറും പരിക്കേറ്റ ബേസിൽ തമ്പിയും സെമി മത്സരം കളിക്കാനില്ല. പകരക്കാരായി വരുൺ നായനാരും അഹമ്മദ് ഇമ്രാനും അരങ്ങേറ്റ മത്സരം കളിക്കും. ആറു വർഷം മുമ്പ് സെമിവരെ എത്തിയിട്ടും മാറോടു ചേർക്കാനാവാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. ഒരു പിടി താരങ്ങളുടെ അമാനുഷ പ്രകടനത്തിന്റെ ചിറകേറിയാണ് സച്ചിൻ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത്.
മുംബൈയടക്കം വമ്പന്മാരെ വീഴ്ത്തി കറുത്ത കുതിരകളാകായെത്തിയ ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്സിൽ പിടിച്ച ഒറ്റ റൺ ലീഡാണ് ടീമിന് തുണയായത്. രണ്ടാം ഇന്നിങ്സിൽ 399 റൺസ് വിജയലക്ഷ്യം മുന്നിൽവെച്ച എതിരാളികൾക്കെതിരെ ക്ഷമയോടെ ബാറ്റുവീശിയ ടീം കളി സമനിലയും സെമിയും സാധ്യമാക്കുകയായിരുന്നു.
മറുവശത്ത്, 2016-17 സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്ത് 2019-20ൽ സെമി വരെയെത്തിയ ശേഷം ആദ്യമായാണ് വീണ്ടും അവസാന നാലിലേക്ക് ടിക്കറ്റെടുക്കുന്നത്. രാജ്കോട്ടിലെ ക്വാർട്ടറിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും കടന്നായിരുന്നു സെമി പ്രവേശനം. മനാൻ ഹിങ് രജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ എന്നിവരടങ്ങിയ മധ്യനിരയുടെ കരുത്തിലായിരുന്നു ടീമിന്റെ സെമി യാത്ര. ക്വാർട്ടറിൽ 140 റൺസുമായി തിളങ്ങിയ ഉർവിലായിരുന്നു ടീമിന്റെ വിജയ ശിൽപി.
പ്ലേയിങ് ഇലവൻ
കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, വരുൺ നായനാർ, സച്ചിൻ ബേബി (ക്യാപ്റ്റൻ), അഹ്മദ് ഇമ്രാൻ, ആദിത്യ സർവാതെ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), എം.ഡി. നിധീഷ്, സൽമാൻ നിസാർ, നെടുമൺകുഴി ബേസിൽ.
ഗുജറാത്ത്: ആര്യ ദേശായി, മനൻ ഹിൻഗ്രാജിയ, പ്രിയങ്ക് പഞ്ചാൽ, ഉർവിൽ പട്ടേൽ (വിക്കറ്റ് കീപ്പർ), ചിന്തൻ ഗജ (ക്യാപ്റ്റൻ), ജയ്മീത് പട്ടേൽ, വിശാൽ ജയ്സ്വാൾ, അർസൻ നാഗ്വാസ്വല്ല, പ്രിയജീത് ജഡേജ, രവി ബിഷ്ണോയ് സിദ്ധാർഥ് ദേശായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.